പൂർണസജ്ജം; കോവിഡ് വാക്സിനേഷൻ ഇന്നുമുതൽ
text_fieldsപാലക്കാട്: ജില്ലയിൽ ശനിയാഴ്ച മുതൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്ന് ഡി.എം.ഒ കെ.പി. റീത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലായാണ് ആദ്യഘട്ട വാക്സിനേഷൻ നടക്കുക. പ്രാഥമികഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. ഒരു കേന്ദ്രത്തിൽ ദിവസം 100 േപരെന്ന നിരക്കിൽ വരുംദിവസങ്ങളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 12,630 ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷൻ നൽകുമെന്ന് ഡി.എം.ഒ പറഞ്ഞു.
വാക്സിനേഷൻ ഇങ്ങനെ...
രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വാക്സിനേഷൻ നടക്കും. ഇതുവരെ 26,091 ആരോഗ്യപ്രവർത്തകർ വാക്സിനേഷനായി രജിസ്റ്റർ ചെയ്തതായി ഡി.എം.ഒ പറഞ്ഞു. ജില്ലയിലെ വാക്സിനേഷന് കേന്ദ്രങ്ങളായ പാലക്കാട് ജില്ല ആശുപത്രി, ജില്ല ആയുര്‍വേദ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രങ്ങളായ നെന്മാറ, നന്ദിയോട്, ചാലിശ്ശേരി, അഗളി, കൊപ്പം, അമ്പലപ്പാറ, പ്രാഥമികാരോഗ്യ കേന്ദ്രമായ കോട്ടോപ്പാടം എന്നിവയില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കുത്തിവെപ്പ്. ഓരോ കേന്ദ്രങ്ങളില്‍ നൂറുപേര് വീതം ഒമ്പത് കേന്ദ്രങ്ങളിലായി 900 പേര്‍ക്ക് ആദ്യദിനത്തില്‍ കുത്തിവെപ്പ് നടക്കും. 30,870 ഡോസ് വാക്സിനാണ് ജില്ലയിലേക്ക് അനുവദിച്ചിരിക്കുന്നത്. 0.5 മില്ലീലിറ്റര്‍ വാക്സിനേഷന് ഒരു ഡോസ് ആയി കുത്തിവെക്കും.
28 ദിവസത്തിനുശേഷം ഇതേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസ് നല്‍കും. ഇതോടെ മാത്രമേ ഒരാളുടെ വാക്സിനേഷന് പൂര്‍ത്തിയാകൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വാക്സിനേഷന്. ഗര്‍ഭിണികള്‍, 18 വയസ്സിന് താഴെയുള്ളവര്‍, അനുബന്ധ രോഗസങ്കീര്‍ണതകള്‍ എന്നിവരെ കുത്തിവെപ്പ് സ്വീകരിക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കുത്തിവെപ്പ് എടുക്കില്ല. രോഗബാധിതരായവര്‍ക്ക് നെഗറ്റിവായി നാലുമുതല്‍ എട്ട് ആഴ്ച കഴിഞ്ഞശേഷമേ വാക്സിന് നല്‍കൂ. ആഴ്ചയില്‍ നാലു ദിവസമാണ് കുത്തിവെപ്പ് നല്‍കുക. ഏതൊക്കെ ദിവസമെന്ന് അതത് വിതരണ കേന്ദ്രങ്ങള്‍ക്ക് തീരുമാനിക്കാം.
എന്തെങ്കിലും കാരണത്താല്‍ ഒരുദിവസം കുത്തിവെപ്പ് എടുക്കാന്‍ പറ്റാത്തവര്‍ക്ക് അടുത്ത ഒരുദിവസം അവസരം നല്‍കും. വാക്സിനേഷന് കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് ചുമതലകള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്കും കുത്തിവെപ്പ് എടുക്കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമാണ് പ്രവേശനം. കുത്തിവെപ്പിന് ശേഷം അരമണിക്കൂറോളം നിരീക്ഷണത്തിലിരുത്തും. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ചികിത്സിക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
സാധാരണ പ്രതിരോധ കുത്തിവെപ്പ് നടത്തുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ മാത്രമേ കോവിഡ് വാക്സിനേഷനും അനുഭവപ്പെടൂ. ആശങ്കക്കും ഭീതിക്കും വകയില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡി.എം.ഒ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ എ.ഡി.എം ആര്.പി. സുരേഷ്, ഡെപ്യൂട്ടി ഡി.എം.ഒ കെ.എ. നാസര്‍, ഡോ. ടി.കെ. ജയന്തി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

