ലോക്ഡൗൺ: പാലക്കാട്ടെ വിനോദസഞ്ചാര മേഖലയിൽ കോടികൾ നഷ്ടം
text_fieldsപാലക്കാട്: നഗരത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞുകിടന്നതോടെ മൂന്നു മാസംകൊണ്ട് നഷ്ടമായത് മൂന്ന് കോടി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കാണിത്. സ്കൂൾ അവധിക്കാലത്താണ് കൂടുതൽ സഞ്ചാരികൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത്.
എന്നാൽ കോവിഡിനെ തുടർന്നുള്ള സാഹചര്യത്തിൽ കേന്ദ്രങ്ങൾ പൂർണമായും അടഞ്ഞുകിടന്നതോടെ ഇൗ സീസൺ വന്നതും പോയതും അറിഞ്ഞില്ലെന്ന് അധികൃതരടക്കം പറയുന്നു.
ടൂറിസം പ്രമോഷൻ കൗൺസിൽ നേരിട്ടും ജലസേചന വകുപ്പിെൻറ സഹകരണത്തോടെയുമാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം. ചെറുതും പ്രധാനപ്പെട്ടതുമായി 12ഓളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ മലമ്പുഴയിലാണ് കുടുതൽ സഞ്ചാരികൾ എത്തുന്നത്.
ഇതര ജില്ല, സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് ദിവസേന ഇവിടെ എത്താറുള്ളത്. നഗരത്തിലെ വാടിക, റോക്ക് ഗാർഡൻ, വെള്ളിയംകല്ല് പാർക്ക്, കാഞ്ഞിരപ്പുഴ ഡാം എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ ടൂറിസം പ്രമോഷൻ കൗൺസിൽ നേരിട്ടും മലമ്പുഴ, പോത്തുണ്ടി തുടങ്ങിയ കേന്ദ്രങ്ങൾ ജലസേചന വകുപ്പിെൻറ സഹകരണത്തോടെയുമാണ് പ്രവർത്തിക്കുന്നത്. കേന്ദ്രങ്ങൾ പൂട്ടിയതോടെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളും പൂട്ടി. ഇതോടെ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരുടെ തൊഴിലും നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
