വ്യാജമദ്യ നിർമാണം: പ്രതിസ്ഥാനത്ത് സർക്കാർ
text_fieldsപാലക്കാട്: മലപ്പുറം വിഷമദ്യദുരന്തത്തിന് കാരണമായത് ചിറ്റൂരിൽനിന്നുള്ള വ്യാജ കള്ള് ആണെന്ന് കണ്ടെത്തിയിട്ടും സർക്കാറിന് കുലുക്കമുണ്ടായില്ല. സ്പിരിറ്റ് കടത്തും ഇതുപയോഗിച്ച് വ്യാജ മദ്യനിർമാണവും നിർബാധം തുടരുകയാണ്. വ്യാവസായിക സ്പിരിറ്റ് കഴിച്ച് കഞ്ചിക്കോടിന് സമീപം ചെല്ലങ്കാവ് അഞ്ച് ആദിവാസികൾ മരിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. എതാനും അറസ്റ്റുകളിലുമൊതുങ്ങി ഇൗ സംഭവവും. മദ്യലോബിക്ക് സർക്കാറിെൻറ ഉന്നതങ്ങളിലുള്ള സ്വാധീനമാണ് കേസുകൾ തേഞ്ഞുമാഞ്ഞില്ലാതാകാൻ കാരണം.
സംസ്ഥാനത്തേക്ക് സ്പിരിറ്റ് എത്തുന്നത് പ്രധാനമായും വാളയാർ വഴിയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന സ്പിരിറ്റിെൻറ ഇടത്താവളം കേരളത്തിേൻറയും തമിഴ്നാടിെൻറയും അതിർത്തി ജില്ലകളാണ്. ഇവിടെനിന്നാണ് കേരളത്തിലേക്ക് സ്പിരിറ്റ് എത്തുന്നത്. കേരളത്തിലെ രണ്ടാമത്തെ വ്യവസായ കേന്ദ്രമാണ് കഞ്ചിക്കോട്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലേക്കും കള്ള് പോകുന്നത് ചിറ്റൂരിൽ നിന്നാണ്. ഇവ രണ്ടും അതിർത്തി പ്രദേശങ്ങളാണ്. കഞ്ചിക്കോട് മാത്രം വിദേശ മദ്യനിർമാണത്തിനായി പ്രധാനപ്പെട്ട അഞ്ച് ഡിസ്റ്റലറികൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലേക്ക് പ്രവേശിക്കുന്ന മറ്റ് അതിർത്തികൾ കുടുതലും വനമേഖല ഉൾപ്പെടുന്നതിനാൽ പരിശോധന കൂടുതലാണ്. ഈ സാഹചര്യങ്ങൾ മുതലെടുത്താണ് സ്പിരിറ്റ് ലോബികൾ വാളയാർ വഴി കേരളത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് സ്പിരിറ്റ് എത്തിക്കുന്നത്. കഞ്ചിക്കോട്ടെ വ്യവസായ കേന്ദ്രങ്ങളിലേക്ക് വ്യാവസായിക സ്പിരിറ്റ് ആവശ്യമാണ്.
ഇതിെൻറ മറവിലും വൻതോതിൽ സ്പിരിറ്റ് എത്തുന്നുണ്ട്. ഷാപ്പുകളിൽ വിൽക്കുന്നത് യഥാർഥ കള്ള് ആണെന്ന് ഉറപ്പുവരുത്താൻ എക്സൈസിന് ബാധ്യതയുണ്ട്. വ്യാജ കള്ള് കെണ്ടത്തിയാൽ ലൈസൻസ് റദ്ദുചെയ്യുകയും പിന്നീട് ലേലത്തിൽനിന്നും ഇത്തരം ആളുകളെ വിലക്കുകയും വേണം. ബിനാമി ഷാപ്പു നടത്തിപ്പ് കർശനമായി തടയണം.
സ്പിരിറ്റ് കടത്തും ഇതുപയോഗിച്ചുള്ള വ്യാജ മദ്യ നിർമാണവും ഫലപ്രദമായി തടയുന്നതിലൂടെ മാത്രമേ ജനങ്ങളെ വിഷമദ്യ ദുരന്തത്തിൽനിന്നും രക്ഷിക്കാൻ കഴിയുകയുള്ളു.