കൗണ്‍സില്‍ യോഗം സെക്രട്ടറിയെ അറിയിക്കാതെയെന്ന്; മണ്ണാര്‍ക്കാട് നഗരസഭയിൽ ഉന്തുംതള്ളും
text_fieldsമണ്ണാർക്കാട് നഗരസഭയിൽ അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം
മണ്ണാര്‍ക്കാട്: സെക്രട്ടറിയെ അറിയിക്കാതെയാണ് കൗണ്‍സിൽ യോഗം ചേർന്നതെന്ന ആരോപണത്തിൽ മണ്ണാര്‍ക്കാട് നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും ഉന്തുംതള്ളും. സെക്രട്ടറിയെ പ്രതിനിധീകരിച്ചെത്തിയ ഉദ്യോഗസ്ഥനെ ഇടത്-ബി.ജെ.പി അംഗങ്ങളും, കോൺഗ്രസിലെ ഒരു വിഭാഗവും തടഞ്ഞു. ഇതിനെതിരെ മുസ്‍ലിം ലീഗ് അംഗങ്ങള്‍ എത്തിയതോടെയാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്.
കൗണ്‍സില്‍ യോഗം ചേർന്നപ്പോഴും ബഹിഷ്‌കരണവും മുദ്രാവാക്യം വിളിയുമുള്‍പ്പടെയുള്ള നാടകീയരംഗങ്ങൾ അരങ്ങേറി. കൗണ്‍സില്‍ യോഗവും അജണ്ടകളും തന്നെ അറിയിച്ചിട്ടില്ലെന്ന് സെക്രട്ടറി എം. സതീഷ്‌കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്തുണയുമായി ഇടതു കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങളും ബിജെപി അംഗവും എത്തിയതോടെയാണ് തർക്കം രൂക്ഷമയത്. കൗണ്‍സിൽ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ഹാളിലേക്കുള്ള വഴിയിൽ തടഞ്ഞു. സെക്രട്ടറി അവധിയായതിനാല്‍ ക്ലീന്‍സിറ്റി മാനേജര്‍ (സി.സി.എം) മുഹമ്മദ് ഇക്ബാലും ക്ലര്‍ക്ക് സുരേഷുമാണ് എത്തിയത്.
സെക്രട്ടറിയെ അറിയിക്കാത്ത യോഗത്തില്‍ എങ്ങനെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്ന് ചോദിച്ച് കോണ്‍ഗ്രസിലെ ജലീല്‍ കൊളമ്പന്‍, എ.കെ. രാധാകൃഷ്ണന്‍, സി.പി.എമ്മിലെ എസ്. അജയകുമാര്‍, സി.പി. പുഷ്പാനന്ദ്, അനീസ് ഗസന്‍ഫര്‍ ഉള്‍പ്പടെയുള്ളവരും ബി.ജെ.പി അംഗം പി.എം. ജയകുമാറും ഉദ്യോഗസ്ഥരെ തടഞ്ഞു. സെക്രട്ടറിയുടെ ഉത്തരവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ ഓര്‍ഡര്‍ കാണിക്കണമെന്നായി. ഫോണില്‍ വിളിച്ചറിയിച്ചെന്ന മറുപടി കൗണ്‍സിലര്‍മാര്‍ അംഗീകരിച്ചില്ല. മുകളിലേക്ക് കയറ്റിവിട്ടതുമില്ല. ഇതോടെ കൗണ്‍സില്‍ ഹാളിലുണ്ടായിരുന്ന ലീഗ് അംഗങ്ങളെത്തി ഇടപെട്ടതോടെ വാക് തര്‍ക്കം രൂക്ഷമായി. പൊലീസും സ്ഥലത്തെത്തി. ഇതിനിടെ ലീഗിലെ കെ. ഷൗക്കത്തലി, ഷമീര്‍, ഫസലുറഹ്മാന്‍, സി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഉദ്യോഗസ്ഥരെ മുകളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഉന്തുംതള്ളലിലും കലാശിച്ചു. കൈയാങ്കളിയുടെ വക്കിലെത്തിയപ്പോള്‍ പോലീസ് ഇടപെട്ട് രംഗം ഒരുപരിധി വരെ ശാന്തമാക്കി.
30 അംഗ ഭരണസമിതിയിലെ 12 എല്‍.ഡി.എഫ് അംഗങ്ങളും കോൺഗ്രസിലെ നാല് അംഗങ്ങളിൽ രണ്ടുപേരും ഒരു ബി.ജെ.പി അഗംവും കൗണ്‍സിൽ ഗം ബഹിഷ്‌കരിച്ചതോടെ 15 അംഗങ്ങളുമായി ചെയര്‍പേഴ്‌സൻ കെ. സജ്നയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അജണ്ടകള്‍ വായിക്കുന്നതിനിടെ ഇടതു കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിയുമായെത്തി. വീണ്ടും തര്‍ക്കമുണ്ടായെങ്കിലും അജണ്ടകള്‍ മുഴുവന്‍ വായിക്കാന്‍ ചെയര്‍പേഴ്‌സൻ നിര്‍ദേശിച്ചു. ഇതിന് ശേഷം അജണ്ടകളെല്ലാം അംഗീകരിച്ചതായി അറിയിച്ചു.
സെക്രട്ടറിയുടെ അംഗീകാരമില്ലാത്തതിനാല്‍ അജണ്ടയിലെ തീരുമാനങ്ങള്‍ക്ക് നിയമസാധുതയില്ലെന്നും നിയമപരമായി നേരിടുമെന്നും പ്രതിപക്ഷം അറിയിച്ചു. നഗരസഭയില്‍ അഴിമതി മാത്രമാണ് നടക്കുന്നതെന്നും വിജിലന്‍സ് അന്വേഷണം വന്ന വിഷയങ്ങള്‍ ചര്‍ച്ചക്ക് വെക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിഷേധ പ്രകടനവും നടത്തി. വികസനകാര്യങ്ങളില്‍ ഇടപെടാതെ അവധിയെടുക്കുന്ന സെക്രട്ടറിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും യോഗം അറിയിച്ചിട്ടില്ലെന്ന് സെക്രട്ടറി കള്ളം പറയുകയാണെന്നും ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ സെക്രട്ടറി കെ. മൻസൂറിന്റെ നേതൃത്വത്തിൽ ഇടത് അംഗങ്ങൾ നഗരസഭ ഓഫിസിന് മുന്നിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

