വീഴ്മലയിൽ പുലി സാന്നിധ്യം കണ്ടെത്തിയില്ല; നിരീക്ഷണം തുടരുന്നു
text_fieldsആലത്തൂർ: വീഴ് മലയിൽ പുലിയുടെ സാന്നിധ്യം കാമറയിലും കണ്ടെത്താനായില്ല. മലയുടെ താഴ് വരയിൽ ഒരാടിനെ കാണാതായതും മറ്റൊന്നിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയതുമാണ് പുലി വന്നതായി നാട്ടുകാർക്ക് സംശയത്തിനിടയാക്കിയത്. വനം വകുപ്പും നാട്ടുകാരും ആദ്യ ദിവസങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും രക്തപ്പാടുകൾ കണ്ടതല്ലാതെ ആടിനെ പിടിച്ച ജീവി ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
ഇതിനു ശേഷം വനം വകുപ്പ് സ്ഥലത്ത് കാമറ സ്ഥാപിച്ച് ഏതെങ്കിലും ജീവിയുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധന നടത്തിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ആടിനെ പിടിക്കുന്ന ജീവികളെ ഒന്നിനെയും കാണാൻ കഴിഞ്ഞില്ല. മലയുടെ താഴ് വരയായ എഴുത്തൻകാട് ഭാഗത്താണ് മേയാൻ പോയ ആടുകളിലൊന്നിനെ കാണാതായതും മറ്റൊരു ആടിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടതും. ഇതാണ് നാട്ടുകാർക്ക് പുലിയാണെന്ന സംശയത്തിനിടയാക്കിയത്.
വീഴ്മല കടുവയോ പുലിയോ അധിവസിക്കുന്ന തരം കാടല്ല. മാത്രമല്ല മലയുടെ ചുറ്റുമുള്ള താഴ്വരകളെല്ലാം ജനവാസ മേഖലകളുമാണ്. നെല്ലിയാമ്പതി, മംഗലംഡാം ഭാഗത്തെ മലനിരകളെല്ലാം പുലി സാന്നിധ്യമുള്ളവയാണ്. അവിടെ നിന്നിറങ്ങി വീഴ്മലയിൽ എത്തണമെങ്കിൽ വളരെയധികം ദൂരം ജനവാസ മേഖലകളിലൂടെ സഞ്ചരിക്കണം. ഈ സാഹചര്യമാണ് പുലി സാന്നിധ്യമാകാൻ സാധ്യതയില്ല എന്ന നിഗമനത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

