മങ്കര-കാളികാവ് റെയിൽവേ മേൽപാലം നിർമാണത്തിന് ഒച്ചിന്റെ വേഗത
text_fieldsട്രെയിൻ പോകാനായി അടച്ചിട്ട മങ്കര-കാളികാവ് റെയിൽവേ ഗേറ്റ്
മങ്കര: മങ്കര, കോട്ടായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മങ്കര-കാളികാവ് റെയിൽവേ മേൽപാലം നിർമാണത്തിന് ഒച്ചിന്റെ വേഗത. നാലുവർഷം മുമ്പ് അനുമതി ലഭിച്ചിട്ടും കാര്യമായ നടപടികളൊന്നും തുടങ്ങാനായിട്ടില്ല. മണ്ണ് പരിശോധന രണ്ടുവർഷം മുമ്പ് പൂർത്തിയായിരുന്നു. ഒന്നര വർഷം മുമ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി.
കർഷകരുടെയും സ്ഥലം ഉടമകളുടെയും യോഗം വിളിക്കുകയും ചെയ്തു. വിട്ടുനൽകുന്ന സ്ഥലത്തിന് മതിയായ വില നൽകണമെന്ന ആവശ്യം കർഷകർ ഉന്നയിച്ചിരുന്നു. രണ്ടു വർഷം മുമ്പ് രാജഗിരി കോളജിലെ എൻജിനീയർ വിഭാഗം വിദ്യാർഥികൾ ഇവിടെ പരിശോധന നടത്തി ഡി.പി.ആർ തയാറാക്കി സർക്കാറിന് നൽകിയിട്ടുണ്ട്. എന്നാൽ, ഭൂമി അളന്ന് ഏറ്റെടുക്കാനോ വില നൽകാനോ നടപടിയായിട്ടില്ല.
ഇവിടെ മേൽപാലം വേണമെന്നത് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. റെയിൽവേ ഗേറ്റ് അടച്ചാൽ ചില സമയങ്ങളിൽ 10 മുതൽ 15 മിനിറ്റ് വരെ വാഹനങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതുവഴി അഞ്ചു മിനിറ്റിനിടെ ഒരു ട്രെയിൻ കടന്ന് പോകുന്നുണ്ട്.
രോഗികളുമായി വരുന്ന ആംബുലൻസ് വരെ കുരുക്കിൽപെടാറുണ്ട്. സ്വകാര്യ ബസുകൾ കുരുക്കിൽപെട്ട് സമയത്തിന് എത്താത്തതിനാൽ യാത്രക്കാരുമായും മറ്റ് ബസ് ജീവനക്കാരുമായും തർക്കം ഉണ്ടാകാറുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. കേന്ദ്ര-സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന മേൽപാലം ഉടൻ യാഥാർഥ്യമാക്കാൻ എം.പിയും എം.എൽ.എയും സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

