മലയോര ഹൈവേ പാലക്കാട് ജില്ലയിലെ ആദ്യ റീച്ച് നിർമാണം ആരംഭിച്ചില്ല
text_fieldsമണ്ണാര്‍ക്കാട്: നിര്‍ദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാണം ഇനിയും തുടങ്ങിയില്ല. മൂന്നുമാസം കൊണ്ട് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് നവംബര്‍ 17ന് അലനല്ലൂരില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നത്. പുതുക്കി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് സാങ്കേതികാനുമതി ലഭ്യമാകാത്തതാണ് പ്രവൃത്തികള്‍ ആരംഭിക്കാനുള്ള കാലതാമസത്തിന് കാരണമെന്ന് അറിയുന്നു.
ഇനി ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ സമയപരിധി അവസാനിച്ച് ജൂണ്‍ 15നുശേഷമേ കിഫ്ബിയുടെ സാങ്കേതിക അനുമതി കമ്മിറ്റി യോഗം ചേരൂ എന്നാണ് വിവരം. അനുമതി ലഭ്യമായാലേ അധികൃതര്‍ക്ക് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനും സാധിക്കൂ.91.4 കോടി രൂപയാണ് ആദ്യഘട്ട നിര്‍മാണത്തിനായി ചെലവ് കണക്കാക്കുന്നത്.
ജില്ലയില്‍ വിവിധ മലയോര മേഖലകളെ പ്രധാനപാതകളുമായി ബന്ധിപ്പിച്ചുള്ള മലയോര ഹൈവേ പദ്ധതി അഞ്ച് റീച്ചുകളിലായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 12 മീറ്റര്‍ വീതിയില്‍ ആകെ 70 കിലോ മീറ്ററിലാണ് മലയോരപാത ജില്ലയിലൂടെ കടന്നുപോവുക. മലപ്പുറം ജില്ല അതിര്‍ത്തിയില്‍നിന്ന് അലനല്ലൂര്‍ വഴി കുമരംപുത്തൂര്‍ ചുങ്കത്ത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെത്തിയാണ് ആദ്യറീച്ച് അവസാനിക്കുക.
ഇവിടെനിന്ന് താണാവ് വഴി പാലക്കാട്-തൃശൂര്‍ ഹൈവേയിലെത്തും. തുടര്‍ന്ന് പാറ-പൊള്ളാച്ചി റോഡ് വഴി ഗോപാലപുരത്തേക്കും എത്തിച്ചേരും. ഗോപാലപുരത്തുനിന്ന് കന്നിമാരി മേടുവരെയാണ് രണ്ടാം റീച്ച് നിര്‍മിക്കുക. കന്നിമാരിമേടില്നിന്ന് നെടുമണി വരെ മൂന്നാം റീച്ചും പനങ്ങാട്ടിരിയില്നിന്ന് വിത്തനശ്ശേരി വരെ നാലാം റീച്ചും നിര്‍മിക്കും. അയിനംപാടത്തുനിന്ന് വടക്കഞ്ചേരി തങ്കം ജങ്ഷന് വരെയാണ് അഞ്ചാം റീച്ച്. മറ്റ് റീച്ചുകളിലെല്ലാം ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. ഇതിന് അതിര്‍ത്തി നിര്‍ണയിക്കാനുള്ള സര്‍വേ നടപടികളും നടന്നുവരുകയാണ്. മണ്ണാര്‍ക്കാട് മേഖലയിലെ 18.1 കിലോമീറ്റര്‍ ദൂരമുള്ള ആദ്യറീച്ചിന്റെ സര്‍വേ നടപടികളെല്ലാം മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായതാണ്. നിലവിലെ കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാത മലയോര ഹൈവേയാകാന്‍ ആവശ്യമായ വീതിയുണ്ട്. ആദ്യം സമര്‍പ്പിച്ച വിശദ പദ്ധതിരേഖയില്‍ ചിലമാറ്റങ്ങള്‍ വരുത്തിയാണ് രണ്ടാമതും സമര്‍പ്പിച്ചത്. രണ്ടുമാസം മുമ്പാണ് ഇത് സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചത്. ടെന്‍ഡര്‍ കഴിഞ്ഞ് കരാര്‍ വെച്ചാല്‍ മാത്രമേ പദ്ധതി തുടങ്ങുന്നതും പൂര്‍ത്തിയാക്കുന്നതുമായ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

