അടിസ്ഥാന സൗകര്യമൊരുക്കിയാൽ പാലക്കാട് വിമാനത്താവളം പരിഗണിക്കാമെന്ന് വ്യോമയാന മന്ത്രി
text_fieldsപാലക്കാട്: സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കലും സാമ്പത്തിക സ്രോതസ്സ് കണ്ടെത്തലുമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പക്ഷം പാലക്കാട്ട് വിമാനത്താവളത്തിനുള്ള അനുമതി പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.ജില്ലയുടെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളം അനുവദിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ നൽകിയ കത്തിനാണ് മന്ത്രിയുടെ പ്രതികരണം.
നിരവധി പ്രവാസികളുള്ള കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ ജില്ലയായ പാലക്കാട് സാധ്യത പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനത്താവളമെന്ന ആശയം ഉന്നയിക്കുന്നതെന്ന് എം.പി പറഞ്ഞു. ഏറ്റവുമടുത്തുള്ള കോയമ്പത്തൂരേക്ക് 69 കിലോമീറ്റർ സംസ്ഥാന അതിർത്തി താണ്ടി സഞ്ചരിക്കേണ്ടതുണ്ട്.
കേരളത്തിലെ ഏക ഐ.ഐ.ടി പാലക്കാട് ആണ്. ദക്ഷിണ റെയിൽവേയുടെ ഡിവിഷനൽ ആസ്ഥാനം കൂടിയാണ് പാലക്കാട്. കോയമ്പത്തൂരിനും പാലക്കാട് വഴി കൊച്ചിക്കും ഇടയിലുള്ള വ്യവസായ ഇടനാഴിയുടെ പണി പുരോഗമിക്കുകയാണെന്നും വി.കെ. ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

