കോൺഗ്രസ് നേതാവ് ബാലന്റെ ഓർമകൾക്ക് ഇരുപതാണ്ട്
text_fieldsബാലൻ
പാലക്കാട്: നിസ്വാർഥ പ്രവർത്തനത്തിലൂടെ ആറു പതിറ്റാണ്ടു കാലം പൊതുരംഗത്ത് നിറഞ്ഞു നിന്ന കോൺഗ്രസ് നേതാവ് പി. ബാലന്റെ ഓർമകൾക്ക് നാളേക്ക് ഇരുപതാണ്ട്. കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള അടിസ്ഥാന വർഗങ്ങളുടെ ഉന്നമനത്തിന് അക്ഷീണം പ്രയത്നിക്കുകയും നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. മികച്ച തൊഴിലാളി സംഘടന പ്രവർത്തകനായിരുന്ന അദ്ദേഹം കെ.പി.സി.സി നിർദേശപ്രകാരം ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ രൂപവത്കരിച്ചു. അതിന്റെ പ്രഥമ പ്രസിഡൻറും അദ്ദേഹമായിരുന്നു. കോൺഗ്രസിന് കീഴിൽ രാജ്യത്ത് ആദ്യത്തെ കർഷകത്തൊഴിലാളി സംഘടനയായിരുന്നു അത്. ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, എം.എൽ.എ എന്നീ നിലകളിൽ ജില്ലയിൽ കോൺഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം. ഷൊർണൂർ മുണ്ടമുക പൂക്കോട്ട് അമ്മാളു അമ്മയുടേയും എഴുവന്തല നാറാണത്ത് ശങ്കരൻനായരുടേയും മൂത്ത പുത്രനായി 1929 സെപ്റ്റംബർ 15 നാണ് ബാലൻ ജനിച്ചത്.
1987ഉം 1991ഉം ശ്രീകൃഷ്ണപുരത്തു നിന്നും നിയമസഭയിലെത്തി. 1982ൽ ഒറ്റപ്പാലത്തും 1996ൽ ശ്രീകൃഷ്ണപുരത്തും പരാജയപ്പെട്ടു. 2004 ജൂൺ എട്ടിനാണ് അദ്ദേഹം വിടപറഞ്ഞത്. ഇരുപതാം ചരമ വാർഷികമായ നാളെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10ന് ഡി.സി.സി ഓഫിസിൽ അനുസ്മരണചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

