പാലക്കാട് നഗരസഭ; സംഘർഷ ഭൂമിയാക്കിയ മൂന്നര മണിക്കൂർ
text_fieldsപാലക്കാട്: പുതിയ ഭിന്നശേഷി സൗഹൃദകെട്ടിടത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനം ചൊവ്വാഴ്ച ചേർന്ന നഗരസഭ കൗൺസിലിൽ അജണ്ടയായി വന്നതിനെത്തുടർന്ന് മൂന്നര മണിക്കൂറാണ് നഗരസഭ സംഘർഷ ഭൂമിയായത്. പല ഘട്ടങ്ങളിലായി പലയിടത്തായിട്ടായിരുന്നു സംഘർഷങ്ങൾ അരങ്ങേറിയത്.
11.00: ‘ഹെഡ്ഗേവാറിനും നഗരസഭ നടപടിക്കും എതിരായ പ്ലക്കാർഡുകളുമായി യു.ഡി.എഫ്, സി.പി.എം അംഗങ്ങൾ മുദ്രാവാക്യം വിളികളോടെ നഗരസഭ ഹാളിൽ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് പ്രതിഷേധം തുടങ്ങി. 10ാം നമ്പർ അജണ്ടയായിരുന്നു നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡഗേവാറിന്റെ പേരിടൽ.
11.10: മുദ്രാവാക്യം വിളികളോടെ എഴുന്നേറ്റ് ചെയർപേഴ്സൻ പ്രമീള ശശിധരന്റെ ചേംബറിന് ചുറ്റും പ്രതിഷേധം തുടങ്ങി. എതിർമുദ്രാവാക്യങ്ങളും എതിർന്യായങ്ങളുമായി ബി.ജെ.പി കൗൺസിലർമാരും രംഗത്ത്.
11.18: കരിങ്കൊടി ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ
11.20: യോഗം തുടങ്ങാമെന്ന് ചെയർപേഴ്സൻ പ്രമീള ശശിധരൻ. ‘വന്ദേ മാതരം’ ദേശ ഭക്തി ഗാനം പാടി ബി.ജെ.പി കൗൺസിലർമാർ. പ്രതിഷേധ സ്വരങ്ങൾക്ക് ഇളവേള
11.23: പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം. അതിനുശേഷം ഫ്രാൻസിസ് പോപ്പിന്റെ നിര്യാണത്തിൽ അനുശോചനം. ചേംബറിന് ചുറ്റും നിന്ന പ്രതിപക്ഷ കൗൺസിലർമാർ അനങ്ങിയില്ല.
11.25: യോഗം തുടങ്ങാമെന്ന് പറഞ്ഞതോടെ പ്രതിഷേധം കനത്തു. ബി.ജെ.പി കൗൺസിലർമാർ ചെയർപേഴ്സന്റെ സുരക്ഷക്കായി ചുറ്റും നിലയുറപ്പിച്ചു. 11.26 വിഷയം ചർച്ചചെയ്ത് തീരുമാനത്തിലെത്താമെന്ന് ചെയർപേഴ്സൻ. ഹെഡ്ഗേവാറിന്റെ പേരിട്ട് ചട്ടലംഘനം നടത്തിയ ചെയർപേഴ്സൻ രാജിവെക്കണമെന്ന് പ്രതിപക്ഷം.
11.28: യു.ഡി.എഫ് കൗൺസിലർ മൻസൂർ മണലാഞ്ചേരി പ്രതിഷേധ മുദ്രാവാക്യവുമായി ചേംബറിലേക്ക് ടേബ്ളിന്റെ മുകളിലൂടെ കടക്കാൻ ശ്രമിക്കുന്നു. ബി.ജെ.പി കൗൺസിലർ സുഭാഷ് കൽപ്പാത്തി പ്രതിരോധിക്കുന്നു. തുടർന്ന് ചേംബറിനോട് ചേർന്ന് ഭരണ പ്രതിപക്ഷ സംഘർഷം. നഗരസഭ അജണ്ടയിലെ 45ാം അജണ്ട ഒഴിച്ച് ബാക്കിയുള്ളവ പാസായതായി പ്രഖ്യാപിച്ച് കൗൺസിൽ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് ചെയർപേഴ്സൻ.
11.30: തർക്ക-വിതർക്കങ്ങൾ കൈയാങ്കളിയിലെത്തിയ സാഹചര്യത്തിൽ ചെയർപേഴ്സനെ ബി.ജെ.പി കൗൺസിലർമാർ സുരക്ഷിതമായി കൗൺസിൽ ഹാളിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു. കൈയാങ്കളിക്കിടയില് നഗരസഭയിലെ മൈക്കുകൾ തകര്ത്തു. പലയിടങ്ങളിലായി ബി.ജെ.പി-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയേറ്റ ശ്രമവും. ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല എന്ന മുദ്രാവാക്യവും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യവും മുഴങ്ങി. നിലയുറപ്പിച്ചിരുന്ന പൊലീസ് കൗൺസിൽ ഹാളിലെത്തി.
11.32: കൗൺസിൽ ഹാൾ ഗാലറിയിൽനിന്ന് പ്ലക്കാർഡുകളുമായി യൂത്ത് കോൺഗ്രസ് സംഘവും ജിന്നയുടെ നാമത്തിൽ പാലക്കാട് നഗരത്തിലെ ഒരു പ്രധാന റോഡ് ഉണ്ടെന്നും അതിന്റെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി-ആർ.എസ്.എസ് സംഘവും പരസ്പരം പോര് മൂക്കുന്നു. കൈയാങ്കളിയിലെത്തിയെങ്കിലും പൊലീസ് എത്തി പിടിച്ചുമാറ്റിയതോടെ ഇരുവിഭാഗവും പൊലീസിന് നേരെ തട്ടിക്കയറുന്നു. പിടിവലിയിലെത്തിയ ഇവരെ പിടിച്ചുമാറ്റി കൗൺസിൽ ഹാളിന് പുറത്തെത്തിക്കുന്നു.
11.33: ഇതിനിടെ മുതിർന്ന ബി.ജെ.പി കൗൺസിലർ എൻ. ശിവരാജൻ കോൺഗ്രസ് കൗൺസിലർമാരായ സുഭാഷുമായും ഹസനുപ്പയുമായും കൊമ്പുകോർക്കുന്നു. ഇന്ദിര ഗാന്ധിയുടെ പേരിലെ സ്റ്റേഡിയത്തിന്റെയും പേര് മാറ്റുമെന്ന് ശിവരാജന്റെ ഭീഷണി. പിന്നീട് സുഭാഷിനെ അടിക്കാൻ കൈവീശി എൻ. ശിവരാജൻ. ഇരുവരെയും പിടിച്ചുമാറ്റുന്നു. പരസ്പരം വാക്പോര് തുടരുന്നു. പോകുംവഴി പൊലീസുമായി യു.ഡി.എഫ് കൗൺസിലർമാരുടെ വാഗ്വാദം.
11.45: കൗൺസിലർമാർ ഒഴികെയുള്ളവരെ പുറത്തേക്ക് ഒഴിപ്പിച്ചു. ബി.ജെ.പി കൗൺസിലർമാർ ചെയർപേഴ്സന്റെ ഔദ്യോഗിക മുറിയിലേക്ക് പോയതോടെ പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്സന്റെ മുറി ഉപരോധിച്ചു. പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്സന്റെ മുറിയിലേക്ക് ഇടിച്ചുകയറിയത് സംഘർഷത്തിനിടയാക്കി. ചെയർപേഴ്സന് ചുറ്റും നിന്ന് ഉപരോധിച്ച കൗൺസിലർമാരെ പിടിച്ചുനീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. സംഘർഷത്തിനിടെ സര്ജറി കഴിഞ്ഞ തന്റെ കൈയിലടക്കം പുറത്തുനിന്നുൾപ്പെടെ എത്തിയവർ പിടിച്ചുവലിച്ചുവെന്ന് നഗരസഭ അധ്യക്ഷ ആരോപിച്ചു. ഹെഡ്ഗേവാറിന്റെ പേരുതന്നെ ബഡ്സ് സ്കൂളിന് നല്കുമെന്നും അതില്നിന്ന് പിന്നോട്ടില്ലെന്നും നഗരസഭ അധ്യക്ഷ പ്രമീള ശശിധരന് പ്രതിഷേധക്കാരോട് പറഞ്ഞു.
11.50: പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ പ്രതിപക്ഷ കൗൺസിലർ പി.കെ. ഹസനുപ്പയെ ആശുപത്രിയിലേക്ക് മാറ്റി. ചെയർപേഴ്സന്റെ മുറിയുടെ പുറത്ത് ബി.ജെ.പി അനുഭാവികളെത്തി പ്രതിപക്ഷ കൗൺസിലർമാരോടും അനുഭാവികളോടും തർക്കിച്ചു. സംഘർഷത്തിനിടെ പൊലീസ് ഇരു വിഭാഗങ്ങളെയും ഇരുചേരികളിലാക്കി.
11.55: നഗരസഭക്ക് പുറത്ത് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ സി.പി.എം പ്രതിഷേധവും പ്രകടനവും.
12.00: നഗരസഭ അധ്യക്ഷയുടെ മുറിയിൽനിന്ന് പ്രതിപക്ഷ കൗൺസിലർമാരെ പൊലീസ് പുറത്തെത്തിച്ചു. ബി.ജെ.പി അനുഭാവികളും കൗൺസിലർമാരും ഇവരെ കൂക്കിവിളികളോടെ എതിരേറ്റത് സംഘർഷം വർധിപ്പിച്ചു. ഇതിനിടെ പൊലീസുമായി പ്രതിപക്ഷ കൗൺസിലർമാർ പലവട്ടം തർക്കിക്കുകയും പിടിവലിയും ഉണ്ടായി. ബി.ജെ.പിക്ക് കുടപിടിക്കുന്ന പൊലീസിനെയും അഭ്യന്തര മന്ത്രിയുടെ പരാജയമായും യു.ഡി.എഫ് കുറ്റപ്പെടുത്തി. സി.പി.എം കൗൺസിലർമാരെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ചെയർപേഴ്സന്റെ മുറിക്ക് പുറത്ത് കുത്തിയിരുന്നും കിടന്നും കൗൺസിലർമാർ പ്രതിഷേധിച്ചു. ബി.ജെ.പി അനുഭാവികളുമായുള്ള തർക്കത്തിനിടെ സി.പി.എം കൗൺസിലർ സെലീന ബീവിയും കുഴഞ്ഞുവീണു. ഇവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. സെലീന ബീവിയെ ബി.ജെ.പി കൗൺസിലർമാർ മർദിച്ചതായി സി.പി.എം ആരോപിച്ചു.
12.20: മോഹാലസ്യപ്പെട്ട കോൺഗ്രസ് കൗൺസിലർ അനുപമ നായരെ സ്ഥലത്തുനിന്ന് നീക്കി. യു.ഡി.എഫും സി.പി.എമ്മും മാറിമാറി മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു. ചെയർപേഴ്ന്റെ മുറിയിൽനിന്ന് ഭരണപക്ഷ കൗൺസിലർമാരെ മാറ്റണമെന്ന് പൊലീസിനോട് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യം ഉന്നയിച്ചു.
12.23: സൗത്ത് സി.ഐ ആദം ഖാന്റെ നേതൃത്വത്തിൽ പൊലീസ് നഗരസഭ അധ്യക്ഷയുടെ മുറിയിൽ പ്രവേശിച്ച് ഭരണ കൗൺസിലർമാരോട് പുറത്തുപോകാൻ ആവശ്യപ്പെടാൻ ചെയർപേഴ്സനോട് അഭ്യർഥിച്ചു. ചെയർപേഴ്സൻ സമ്മതിച്ചില്ല. ഇതോടെ മുറിയിൽ പ്രവേശിച്ച യു.ഡി.എഫ്-സി.പി.എം-വെൽഫെയർ പാർട്ടി കൗൺസിലർമാരും അനുഭാവികളും വീണ്ടും പ്രതിഷേധിച്ചു. ഇതിനിടെ ബി.ജെ.പി കൗൺസിലർ എൻ. ശിവരാജൻ യു.ഡി.എഫ് അനുഭാവിയെ തല്ലാനോങ്ങിയതോടെ സംഘർഷം മൂർച്ഛിച്ചു.
12.33: എ.സി.പി. രാജേഷ് കുമാർ സംഭവസ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ തിരക്കി മടങ്ങി. ചെയർപേഴ്സന്റെ മുറിക്കകത്തുനിന്ന് മാധ്യമപ്രവർത്തകരെയും പ്രതിപക്ഷ അനുഭാവികൾ ഉൾപ്പെടെ ഉള്ളവരെ നീക്കി. ചെയർപേഴ്സന്റെ മുറിക്ക് പുറത്ത് വീണ്ടും ഉപരോധം തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ.
1.05: പൊലീസ് ബലം പ്രയോഗിച്ച് കൗൺസിലർമാരെ ചെയർപേഴ്സന്റെ ഓഫിസ് മുറി പരിസരത്തുനിന്ന് നീക്കി. നഗരസഭ കവാടത്തിന് പുറത്ത് എത്തിയ പ്രതിപക്ഷ കൗൺസിലർമാരും അനുഭാവികളും പ്രതിഷേധം തുടർന്നു.
1.16: കവാടം ഗ്രില്ലിട്ട് പൊലീസ് സംഘം കാവൽ നിന്നു. പ്രതിഷേധിക്കാർ പലതവണ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉൾപ്പെടെ ഉള്ളവർ നഗരസഭ കാര്യാലയത്തിന് മുന്നിലെത്തി.
1.18: യു.ഡി.എഫ് കൗൺസിലർ കെ. സുജാതയുടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് നഗരസഭ കവാടത്തിലൂടെ ഉള്ളിൽ കടക്കാൻ ശ്രമം. പൊലീസ് പ്രതിരോധിച്ചു.
1.22: പ്രതിഷേധക്കാരെ പൊലീസ് വാനിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമം. വാൻ തടഞ്ഞ് യു.ഡി.എഫ്-സി.പി.എം പ്രതിഷേധക്കാർ.
1.40-2.30 : പ്രതിഷേധക്കാരെ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലേക്ക് ഡിവൈ.എഫ്.ഐ മാർച്ച് പൊലീസ് തടഞ്ഞു. ബി.ജെ.പിക്ക് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നായിരുന്നു ഡി.വൈ.എഫ്.ഐ ആരോപണം. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അടക്കമുള്ളവർ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അഡ്രസ് എഴുതിയെടുത്ത് പ്രതിഷേധക്കാരെ പൊലീസ് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

