അയിലൂർ കുറുമ്പൂരിൽ സംഘർഷം; അഞ്ചുപേർക്ക് പരിക്ക്
text_fieldsനെന്മാറ: അയിലൂർ കുറുമ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പരിക്കേറ്റവർ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. കുറുമ്പൂർ സ്വദേശികളായ നിഖിൽ (26), സുഹൃത്ത് അബിദ് (36) എന്നിവർ ശനിയാഴ്ച രാത്രി 10.45ഓടെ സമീപത്തെ വിവാഹവീട്ടിൽ ഒരുക്കത്തിന് പോയി ഇരുചക്രവാഹനത്തിൽ മടങ്ങി വരുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. കുറുമ്പൂർ സ്വദേശിയായ തങ്കപ്പന്റെ (47) നായ് ഇവർ സഞ്ചരിച്ച വാഹനത്തിന് കുറുകെ ചാടി എന്നും പിടിച്ചുമാറ്റാൻ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോൾ നായുടെ ഉടമയുമായി തമ്മിൽ തർക്കം ഉണ്ടായി എന്നാണ് പരാതി. ബഹളം കേട്ടെത്തിയ അയൽക്കാരായ സരിൽ കുമാർ (43), സജിത്ത് (42) എന്നിവരും ഇടപെട്ടതോടെ ഇരുചക്ര വാഹനയാത്രക്കാരും തമ്മിൽ വാക്ക് തർക്കം പരസ്പര ആക്രമണത്തിലേക്ക് നീങ്ങി. ആയുധവും കമ്പികളും കല്ലും കൊണ്ട് പരസ്പരം ആക്രമിച്ച് തലക്കും ശരീരത്തിനും പരിക്കേറ്റതിനെ തുടർന്ന് ഇരു വിഭാഗവും ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.
ഇരുഭാഗക്കാരുടെയും പരാതിയെ തുടർന്ന് പൊലീസ് പ്രത്യേകം കേസെടുത്തു. തലക്കും ശരീരത്തിലും വെട്ടേറ്റും കമ്പി വടികൊണ്ട് അടിയേറ്റും പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന നിഖിൽ, അബിദ്, എന്നിവർ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും തങ്കപ്പൻ, സരിൽ കുമാർ, സജിത് എന്നിവർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇവരെ കൂടാതെ ആക്രമണത്തിൽ ഉൾപ്പെട്ട കണ്ടാൽ അറിയാവുന്ന നാലുപേർക്കെതിരെ കൂടി നെന്മാറ പൊലീസ് കേസെടുത്തു. കുറുമ്പൂർ ഭാഗത്ത് ദിവസങ്ങൾക്കു മുമ്പ് കൊടിമരം പിഴുതുമാറ്റിയത് സംബന്ധിച്ച് സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരും ഇരു രാഷ്ട്രീയപാർട്ടികളിൽ ഉൾപ്പെട്ടവരായതിനാൽ തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചു.
ആക്രമണത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ഇരുചക്ര വാഹനം എതിർ വിഭാഗക്കാർ കേടുപാടുകൾ വരുത്തി സമീപത്തെ കനാലിലേക്ക് തള്ളിയിട്ടു. മോട്ടോർസൈക്കിൾ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഘർഷാവസ്ഥയിൽ അയവ് വരുത്താൻ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

