വിഷമദ്യ ദുരന്തം: ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം നടപ്പാക്കും –മന്ത്രി എ.കെ. ബാലൻ
text_fieldsചെല്ലങ്കാവ് കോളനിയിൽ വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രി എ.കെ. ബാലൻ സന്ദർശിക്കുന്നു
വാളയാർ: വിഷമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച ചെല്ലങ്കാവ് കോളനിയിൽ വീട്, കുടിവെള്ളം, വൈദ്യുതി, തൊഴിൽ ഉൾപ്പെടെ സമഗ്രവികസനം നടപ്പാക്കുമെന്ന് പട്ടികജാതി-വർഗ, പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലൻ. കോളനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് ഉടൻ പൂർത്തിയാക്കാൻ ഒരുകോടി രൂപ പട്ടികവർഗ വികസന വകുപ്പ്, നിർമിതികേന്ദ്രത്തിന് ഇതിനോടകം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോളനി വികസനത്തിന് ആവശ്യമായ കൂടുതൽ ഫണ്ട് കൃത്യമായി വകയിരുത്തും.
കോളനിവാസികളുടെ കൈവശമുള്ള ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. പരമാവധി ഉൽപാദനം ലഭ്യമാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പശുവളർത്തൽ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് രൂപം കൊടുക്കും.
കോളനിയിലുള്ളവർക്ക് സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരിച്ച ശിവെൻറ മക്കളായ സിബിൻ, സിബു, സിജിത എന്നിവർക്ക് വേണ്ട മുഴുവൻ സഹായവും മന്ത്രി ഉറപ്പുനൽകി. ഊരുമൂപ്പൻ വിശ്വനാഥെൻറ സംരക്ഷണത്തിലാണ് ഇപ്പോൾ ഇവർ കഴിയുന്നത്. ഇവരെ മോഡൽ െറസിഡൻഷ്യൽ സ്കൂളുകളിലാക്കി മികച്ച വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കോളനികളിൽ അനധികൃത മദ്യത്തിെൻറ ഉപയോഗം കുറക്കാൻ എക്സൈസും പൊലീസും ആവശ്യമായ നടപടികൾ എടുത്തിരുന്നു. ഇത് മറികടന്ന് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുെടയും ജനപ്രതിനിധികളുടെയും ഊരുമൂപ്പേൻറയും വാർഡ് അംഗത്തിേൻറയും നേതൃത്വത്തിൽ കഠിനമായ പരിശ്രമം ആവശ്യമാണ്.
ലഹരിവിരുദ്ധ ബോധവത്കരണത്തിന് എക്സൈസ് കമീഷണർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ചികിത്സക്കുശേഷം വീട്ടിലെത്തിയ കമലം എന്ന വീട്ടമ്മയെയും മന്ത്രി സന്ദർശിച്ചു.