തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക പരാതികൾ വ്യാപകം
text_fieldsപാലക്കാട്: വോട്ടർപട്ടികയിലെ ക്രമക്കേടും വാർഡ് വിഭജനത്തിലെ പ്രശ്നങ്ങളും സംബന്ധിച്ച പരാതികൾ വ്യാപകം. പാലക്കാട്, ചിറ്റൂർ അടക്കമുള്ള നഗരസഭകളിലെും ആലത്തൂർ, എരിമയൂർ, കുമരംപുത്തൂർ അടക്കമുള്ള ഗ്രാമപഞ്ചായത്തുകളിലെയും ജില്ല പഞ്ചായത്തിലെയും അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെയാണ് പരാതിയുള്ളത്. മുമ്പ് പലതവണ വോട്ട് ചെയ്തവരുടെ വോട്ടുകൾ പോലും പുതിയ കരട് പട്ടികയിൽ ഇല്ല.
പല വോട്ടുകളും വാർഡ് മാറിയിട്ടുമുണ്ട്. ഇരട്ട വോട്ടുകളും കാണുന്നുണ്ട്. ഡീലിമിറ്റേഷൻ കമീഷൻ മരിച്ചവരുടെ വോട്ടുകളെല്ലാം നീക്കം ചെയ്താണ് കരട് പട്ടിക തയാറാക്കിയത് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, മൂന്നും നാലും വർഷം മുൻപ് മരിച്ചവരുടെ പേരുകൾ പോലും ഇപ്പോഴും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. പരാതികളുയരുമ്പോഴും ഔദ്യോഗികമായി അധികം പരാതികൾ ലഭിച്ചിട്ടില്ല. ഓദ്യോഗികമായി നൽകിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നടപടി സ്വീകരിക്കാൻ കഴിയുകയില്ല. ഇത്തരം പരാതികൾ ഓൺലൈനായും നേരിട്ടും നൽകാൻ സംവിധാനമുണ്ട്.
കുമരംപുത്തൂരിൽ ഒരാൾക്ക് ഒന്നിലധികം വാർഡുകളിൽ വോട്ട്
കുമരംപുത്തൂർ പഞ്ചായത്തിൽ കരട് വോട്ടർ പട്ടികയിലെ പല വോട്ടർമാർക്കും ഒന്നിലധികം വാർഡുകളിൽ വോട്ട്. നേരത്തെ 18 വാർഡുകളുണ്ടായിരുന്നത് ഇപ്പോൾ 21 ആയിട്ടുണ്ട്. പുതിയ അതിർത്തി വന്നെങ്കിലും ചില വോട്ടർമാർ പുതിയ വാർഡിലും പഴയതിലും ഉൾപ്പെട്ടു. ഇത് കള്ളവോട്ടിന് ഇടയാക്കുമെന്ന ആരോപണം ഉയരുന്നുണ്ട്. പുതിയ വാർഡുകളിൽ ഉൾപ്പെട്ടവരെ പഴയ വാർഡിലെ പട്ടികയിൽ നിന്ന് മാറ്റണമെന്നാണ് ആവശ്യം. പഴയ വാർഡിൽ ഉള്ളവരെ പുതിയ വാർഡിലെ വോട്ടർ പട്ടികയിൽ നിന്നും മാറ്റണം.
ജില്ല പഞ്ചായത്ത് വാർഡ് വിഭജനം: അശാസ്ത്രീയമെന്ന് കോൺഗ്രസ്
ജില്ല പഞ്ചായത്ത് ഡിവിഷനുകൾ വിഭജിച്ചത് അശാസ്ത്രീയമായാണെന്നാണ് കോൺഗ്രസിന്റെ പരാതി. 31 ജില്ല പഞ്ചായത്ത് ഡിവിഷനുകളിലായി ആകെ 24,51,200 വോട്ടർമാരാണുള്ളത്. ഒരു ഡിവിഷനിൽ ശരാശരി 79,070,9 വോട്ടർമാർ. എന്നാൽ 31 ഡിവിഷനുകളിൽ 10 ഡിവിഷനുകളിലെ വോട്ടർമാരുടെ എണ്ണം അശാസ്ത്രീയമായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കെ.പി.സി.സി അംഗം സജേഷ് ചന്ദ്രൻ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ വട്ടേക്കാട് ഡിവിഷനിൽ 10,029 വോട്ടുകൾ അധികമായി ചേർത്തിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞു.
അന്വേഷണത്തിന് ഡി.സി.സി സമിതി
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചതായി ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. കമ്മുക്കുട്ടി എടത്തോൾ, കെ.എം. ഫെബിൻ, ബാബു നാസർ, കെ.ജി. എൽദോ, സജേഷ് ചന്ദ്രൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഓരോ തദ്ദേശസ്ഥാപനത്തിലും പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തി തിരുത്താൻ അപേക്ഷ നൽകും.
പേരു ചേർക്കലും തിരുത്തലും ആഗസ്റ്റ് ഏഴ് വരെ
വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ആഗസ്റ്റ് ഏഴ് വരെ മാത്രമാണ് അവസരം. പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനും sec.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടിസിലെ തിയതിയിൽ ആവശ്യമായ രേഖകളുമായി ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.
വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കുകയും വേണം. ഓൺലൈനല്ലാതെയും നിശ്ചിത ഫോമിൽ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷ നൽകാം. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

