കോവിഡ് പോരാളികളെ പിരിച്ചുവിടുന്നുവെന്ന്;വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsപാലക്കാട്: കോവിഡ് ചികിത്സക്കുവേണ്ടി എൻ.ആർ.എച്ച്.എം വഴി 2020 ജൂലൈയിൽ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നിയമിച്ച 13 സ്റ്റാഫ് നഴ്സുമാർക്ക് തുടർനിയമനവും കൃത്യമായ ശമ്പളവും നൽകുന്നത് സംബന്ധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
ജില്ല മെഡിക്കൽ ഓഫിസറും മെഡിക്കൽ കോളജ് സൂപ്രണ്ടും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മാർച്ച് 31ന് തങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നീക്കമുണ്ടെന്ന് ആരോപിച്ച് സ്റ്റാഫ് നഴ്സുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. എന്നാൽ ആറു വർഷങ്ങൾക്ക് മുമ്പ് ഗവ. മെഡിക്കൽ കോളജിൽ നിയമിതരായ നഴ്സുമാർ ജോലിയിൽ തുടരുകയാണെന്ന് കത്തിൽ പറയുന്നു. ഇപ്പോൾ തങ്ങൾക്ക് ജോലിയൊന്നും നൽകുന്നില്ലെന്നും കോവിഡ് നിയന്ത്രിക്കുന്നതിൽ മുന്നണി പോരാളികളായി പ്രവർത്തിച്ച തങ്ങളോട് വിവേചനം കാണിക്കുകയാണെന്നും പരാതിയിൽ പറയുന്നു.