റെയിൽവേയിൽ ശുചിത്വ കാമ്പയിന് തുടക്കം
text_fieldsശുചിത്വ കാമ്പയിനിന്റെ ഭാഗമായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ
ജീവനക്കാർ നടത്തിയ തെരുവുനാടകം
പാലക്കാട്: ‘സ്വച്ഛ് റെയിൽ സ്വച്ഛ് ഭാരത്’ പരിപാടിയുടെ ഭാഗമായി രണ്ടാഴ്ച നീളുന്ന ശുചിത്വ കാമ്പയിൻ പാലക്കാട് റെയിൽവേ ഡിവിഷനിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റെയിൽവേ ഓഫിസുകൾ, സ്റ്റേഷനുകൾ, ഡിപ്പോകൾ, കോളനികൾ എന്നിവിടങ്ങളിൽ കാമ്പയിൻ സംഘടിപ്പിക്കും.
ഡിവിഷനൽ റെയിൽവേ മാനേജർ ഓഫിസിൽ ഡിവിഷനൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രചാരണത്തോടനുബന്ധിച്ച് മാലിന്യം തള്ളൽ വിരുദ്ധ പോസ്റ്റർ ഡി.ആർ.എം പുറത്തിറക്കി.
റെയിൽവേ സ്ഥാപനങ്ങളിലും ട്രെയിനുകളിലും ശുചിത്വം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ പരിപാടി നടത്തുന്നത്.
സ്റ്റേഷനുകളിലെ ട്രാക്കുകളുടെ ശുചിത്വം, റെയിൽവേ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നിർമാർജനം എന്നിവക്ക് പ്രത്യേക ശ്രദ്ധ നൽകും. ബയോ ടോയ്ലറ്റുകളുടെ ഉപയോഗം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കൽ, ശുചിത്വശീലങ്ങൾ നിരീക്ഷിക്കൽ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ പരിപാടികൾ നടത്തും. വിവിധ സ്റ്റേഷനുകളിൽ റെയിൽവേ ജീവനക്കാർക്കായി സ്വച്ഛതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി യാത്രക്കാർക്ക് അവബോധം നൽകാൻ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ജീവനക്കാർ തെരുവു നാടകം സംഘടിപ്പിച്ചു.

