ചുള്ളിയാർ കനാൽ തകർന്നു
text_fieldsമുതലമട: ചുള്ളിയാർ ഡാം പ്രധാന കനാൽ തകർന്നു. പ്രതിഷേധവുമായി കർഷകർ. പറയമ്പള്ളത്തിനടുത്താണ് സംഭവം. കനാലിന്റെ ഇരുവശവും മധ്യഭാഗത്തെ കൾവർട്ട് ഭിത്തിയും തകർന്നിട്ടുണ്ട്. തകർന്ന സ്ഥലത്ത് ഗർത്തവും മണ്ണിടിച്ചിലും ഉണ്ടായി. നാല് തവണകളിലായി 55 ദിവസം കൃഷിയാവശ്യത്തിന് ജലസേചനം നടത്തിയ കനാലാണിത്.
രണ്ട് മാസം മുമ്പ് കനാലിലെ ചോർച്ച മൂലം വെള്ളത്തിന്റെ കുത്തൊഴുക്ക് വർധിച്ചതിനാൽ വിള്ളലും ചോർച്ചയും ഉണ്ടായത് കർഷകർ ജലസേചന വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഒരു തവണ കൂടി ഡാം തുറക്കുമെന്നിരിക്കെ കനാൽ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഇടച്ചിറ, കുതിരമൂളി, കല്ലുകുത്തി എന്നീ ഭാഗങ്ങളിൽ വെള്ളത്തിന്റെ ലഭ്യത കുറയുമെന്ന് കർഷകർ പറഞ്ഞു. പരാതി നൽകിയിട്ടും പരിഹാരം കണ്ടെത്താത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ചുള്ളിയാർ കനാൽ തകർച്ച ഉടൻ പരിഹരിക്കണമെന്ന് കർഷകമോർച്ച ആവശ്യപ്പെട്ടു. കർഷകരുടെ സംഘം കനാൽ തകർന്ന പ്രദേശം സന്ദർശിച്ചു. പഞ്ചായത്ത് അംഗം കെ.ജി. പ്രദീപ്കുമാർ, പി. ഹരിദാസ് ചുവട്ടുപാടം, പി. ഗിരിദാസ് ചുവട്ടുപാടം, ബി. പ്രജീഷ്, ജി. മണികണ്ഠൻ, കെ. കൃഷ്ണദാസ്, എ. പഴണിമല, ആർ. ശേഖർ, കെ. ശിവശങ്കരൻ തുടങ്ങിയവരാണ് സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

