ചിറ്റൂരിൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ്
text_fieldsചിറ്റൂർ: നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസിന് മേൽക്കൈ. സി.പി.എം ഭരിച്ചിരുന്ന കൊഴിഞ്ഞാമ്പാറ പഞ്ചായത്ത്, വടകരപ്പതി പഞ്ചായത്ത്, ചിറ്റൂർ-തത്തമംഗലം നഗരസഭ എന്നിവ കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ എരുത്തെമ്പതി പഞ്ചായത്ത് സി.പി.എം പിടിച്ചെടുത്തു.
നഗരസഭ രൂപവത്കരണം മുതൽ കോൺഗ്രസിനൊപ്പം നിന്നിരുന്ന ചിറ്റൂർ-തത്തമംഗലം നഗരസഭ ചരിത്രത്തിൽ ആദ്യമായാണ് 2015ൽ കൈവിട്ടത്. അത് ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കാനായ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.നല്ലേപ്പിള്ളി, പെരുമാട്ടി, പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ആണ് ഭരിക്കുന്നത്. അവിടെ നിലവിൽ എൽ.ഡി.എഫിന് തന്നെയാണ് ഭൂരിപക്ഷം. 2020ൽ കോൺഗ്രസിന് മേൽക്കൈ ഉണ്ടായിരുന്ന കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകൾ നഷ്ടപ്പെട്ടിരുന്നു. ഇവ രണ്ടും ഇക്കുറി തിരിച്ചു പിടിച്ചു.
കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് എൽ.ഡി.എഫിനെ കൈവിടാൻ കാരണം കഴിഞ്ഞ ഒരു വർഷത്തോളമായി തുടരുന്ന വിമത നീക്കങ്ങളാണ്. കോൺഗ്രസിൽ നിന്നെത്തിയ ആളെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആക്കിയതിനെ തുടർന്ന് രൂപപ്പെട്ട തർക്കത്തെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെ പാർട്ടിയിൽനിന്ന് പുറത്തുപോയി. തുടർന്ന് ഇൻഡ്യ സഖ്യം മാതൃകയിൽ യു.ഡി.എഫുമൊത്ത് മത്സരിക്കുകയായിരുന്നു. വിമതർ ആറ് സീറ്റ് നേടുകയും ചെയ്തു.
കോൺഗ്രസിന് ലഭിച്ച ഏഴ് സീറ്റും കൂടി ആയതോടെ ഭൂരിപക്ഷം തികഞ്ഞു. വടകരപ്പതിയിൽ കോൺഗ്രസ് വിമതർ മത്സരത്തിന് ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് മുന്നേറ്റത്തെ ബാധിച്ചില്ല. 18 സീറ്റുകളിൽ പത്തെണ്ണം പിടിച്ചെടുത്താണ് കോൺഗ്രസ് വിജയിച്ചത്. ജല പ്രശ്നങ്ങളെ തുടർന്ന് രൂപവത്കരിച്ച ആർ.ബി.സി മുന്നണി എൽ.ഡി.എഫിനൊപ്പം ചേർന്ന് മത്സരിച്ചിരുന്നുവെങ്കിലും എട്ട് സീറ്റുകൾ മാത്രമാണ് ജനതാദളിനും സി.പി.എമ്മിനും ആര്.ബി.സിക്കുമായി ലഭിച്ചത്. 15 സീറ്റുകളിൽ ഒമ്പതെണ്ണമാണ് എൽ.ഡി.എഫിന് ലഭിച്ചത്. അഞ്ച് സീറ്റ് യു.ഡി.എഫിനും.
കോൺഗ്രസിൽ നിന്ന് സീറ്റ് തർക്കത്തെ തുടർന്ന് വിമതനായി മത്സരിച്ച ഏഴാം വാർഡിലെ രാജകുമാറും വിജയിച്ചു. 14 സീറ്റുകൾ ഉള്ള പൊൽപ്പുള്ളിയിൽ ഒമ്പത് സീറ്റ് എൽ.ഡി.എഫ് നേടിയപ്പോൾ യു.ഡി.എഫിന് അഞ്ചെണ്ണമാണ് ലഭിച്ചത്. എന്നാൽ ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന്റെ സാന്നിധ്യം നാമമാത്രമായിരുന്നു. ആകെ 15 സീറ്റുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

