ചിറ്റൂരിൽ 104.2 കോടി രൂപയുടെ വികസനം -മന്ത്രി കെ. കൃഷ്ണൻകുട്ടി
text_fieldsചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു
ചിറ്റൂർ: ചിറ്റൂര്‍ മണ്ഡലത്തില്‍ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 104.2 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ സ്വന്തം നാട്ടിൽ തന്നെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇതിന്റെ ഭാഗമായാണ് കോടികൾ ചെലവിട്ടുള്ള വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ അഡ്വ. സുമേഷ് അച്യുതൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ചിറ്റൂർ കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ജെ. ഷമീം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് മെംബർ അഡ്വ. ടി. മഹേഷ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കാവ്യ കരുണാകരൻ, അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു പ്രദീപൻ തുടങ്ങിയവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

