കൊഴിഞ്ഞാമ്പാറയിലെ യുവതിയുടെ മരണം, ഭർത്താവിന്റെ കൊടുംചതി പുറത്ത്
text_fieldsദീപിക, ശിവദാസൻ
ചിറ്റൂർ: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവം ക്രൂരമായ കൊലപാതകത്തിന് തുല്യമായ ചതിയെന്ന് തെളിഞ്ഞു. ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ശേഷം ഭർത്താവ് പിന്മാറുകയായിരുന്നു. സംഭവത്തിൽ പാലക്കാട് കോട്ടായി സ്വദേശി ശിവദാസനെ (ശിവാനന്ദൻ - 41) കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും കുട്ടികളില്ലാത്തതിലുള്ള മാനസിക വിഷമത്തിലായിരുന്നു ദീപിക (30). ഈ സാഹചര്യം മുതലെടുത്ത ശിവദാസൻ ഒരുമിച്ച് മരിക്കാം എന്ന് പറഞ്ഞ് ദീപികയെ വിശ്വസിപ്പിച്ചു. ഇരുവരും ചേർന്ന് ഒരേ സാരിയിൽ കുരുക്കിട്ടെങ്കിലും, ദീപിക മരിക്കാനായി തൂങ്ങിയ ഉടൻ ശിവദാസൻ തന്റെ കഴുത്തിലെ കുരുക്ക് മുറുകാതെ സൂത്രത്തിൽ മാറിനിൽക്കുകയായിരുന്നു.
ഭാര്യയുടെ മരണം ഉറപ്പാക്കിയ ശേഷം സാധാരണ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ നാട്ടുകാരെ വിവരമറിയിച്ചു. ദീപികക്ക് അപസ്മാരം ബാധിച്ചതാണെന്നാണ് ഇയാൾ ആദ്യം മൊഴി നൽകിയത്.
മരണത്തിൽ അസ്വാഭാവികത തോന്നിയ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ശിവദാസന്റെ കഴുത്തിൽ പാടുകൾ ഇല്ലാതിരുന്നതും മൊഴികളിലെ വൈരുധ്യവുമാണ് പ്രതിയെ കുടുക്കിയത്. ദീപികയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനായി ഇയാൾ ആസൂത്രണം ചെയ്ത നീക്കമാണിതെന്ന് പൊലീസ് സംശയിക്കുന്നു. നിലവിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

