പ്രചാരണത്തെച്ചൊല്ലി തർക്കം; യുവാവിന് വെട്ടേറ്റു
text_fieldsചിറ്റൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിന് വെട്ടേറ്റു. പൊൽപുള്ളി കതിർകുളമ്പിൽ ശിവദാസിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. പൊൽപുള്ളി പഞ്ചായത്തിൽ കോൺഗ്രസിനുവേണ്ടി ആഹ്ലാദം പ്രകടിപ്പിച്ച സുരേന്ദ്രനെ സി.പി.എം പ്രവർത്തകർ ബുധനാഴ്ച വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
ഇതിനെതിരെ സന്തോഷ്, അരുൺ എന്നിവർക്കെതിരെ സുരേന്ദ്രൻ ചിറ്റൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ 10ന് ഇരുകൂട്ടരോടും സ്റ്റേഷനിലെത്താൻ പൊലീസ് നിർദേശിക്കുകയും ചെയ്തിരുന്നു. അതിനു മുമ്പുതന്നെ സി.പി.എം പ്രവർത്തകരായ ഒരുസംഘം സുരേന്ദ്രെൻറ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തർക്കത്തിൽ ഇടപെട്ട സുരേന്ദ്രെൻറ സുഹൃത്തായ ശിവദാസനെ വെട്ടി പരിക്കേൽപിക്കുകയും ചെയ്തു.
ചെവിക്ക് വെട്ടേറ്റ ശിവദാസൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സി.പി.എം പ്രവർത്തകരായ സുബൈർ (24), റഫീക്ക് (28), ശബരീഷ് (24), ദിലീപ് (24) എന്നിവരെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.