അജണ്ടയിലില്ലാതെ ചെയർപേഴ്സന്റെ ഭർത്താവിന് കടമുറി: തീരുമാനം റദ്ദാക്കി
text_fieldsചിറ്റൂർ -തത്തമംഗലം നഗരസഭ ചെയർപേഴ്സൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം
നഗരസഭ കവാടത്തിന് മുന്നിൽ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി ധർണ നടത്തുന്നു
ചിറ്റൂർ: ചിറ്റൂർ -തത്തമംഗലം നഗരസഭ ചെയർപേഴ്സന്റെ ഭർത്താവിന് നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സിൽ കടമുറി നൽകാൻ അജണ്ടയില്ലാതെ മിനിറ്റ്സിൽ എഴുതിച്ചേർത്ത കൗൺസിൽ തീരുമാനം ബുധനാഴ്ച ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിൽ റദ്ദാക്കാൻ തീരുമാനിച്ചു. യോഗത്തിൽ അധ്യക്ഷനായ വൈസ് ചെയർമാൻ എം. ശിവകുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്. 5000 രൂപ അഡ്വാൻസും 1000 രൂപ പ്രതിമാസ വാടകയും നിശ്ചയിച്ചാണ് കടമുറി നൽകിയത്. ചെയർപേഴ്സൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. നഗരസഭ കവാടത്തിന് മുന്നിൽ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി ധർണ നടത്തി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് കെ.സി. പ്രീത് അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാൻ കെ. മധു ധർണ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ആർ. ബാബു, അനിത കുട്ടപ്പൻ, ആർ. കിഷോർകുമാർ, ബി. പ്രിയ, എം.ജി. ജയന്തി, വി. ഉഷ, സബിത മോൾ എന്നിവർ സംസാരിച്ചു.