തൂതപ്പാലം അവസാന മിനുക്കുപണിയിൽ
text_fieldsനിർമാണം പുരോഗമിക്കുന്ന തൂതപ്പാലം
ചെർപ്പുളശ്ശേരി: തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്നതിന്റെ ഭാഗമായി തൂതയിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തികൾ അവസാനഘട്ടത്തിൽ. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാലം ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കും.
നിലവിലെ പഴയ പാലത്തിന്റെ വീതിക്കുറവ് മൂലം പതിവായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ പാലം വരുന്നതോടെ കഴിയും. നിർമാണം ഉടൻ പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. ആറ് തൂണുകളുള്ള പാലത്തിന് 140 മീറ്റർ നീളവും 10 മീറ്റർ വീതിയും ഉണ്ടായിരിക്കും. നടപ്പാതയും ഒരുക്കുന്നുണ്ട്. 1935ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴയ പാലത്തിലൂടെയാണ് നിലവിൽ വാഹന ഗതാഗതം നടക്കുന്നത്. ഈ പാലത്തിന്റെ വീതിക്കുറവാണ് പലപ്പോഴും ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്നത്.
പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതിനുശേഷം പഴയ പാലത്തിന്റെ ഉപരിതലം ടാറിങ് ചെയ്യാനാണ് തീരുമാനം. ഇരുപാലങ്ങളും ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ നാലുവരി പാതയിലൂടെ യാത്ര കൂടുതൽ സുഗമവും സുരക്ഷിതവും ആകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

