അഴകായി പുത്തനാൽക്കൽ കാളവേല
text_fieldsചെർപ്പുളശ്ശേരി പുത്തനാൽക്കൽ കാളവേലയോടനുബന്ധിച്ച് ഒരുക്കിയ ഇണക്കാള കോലങ്ങൾ
ചെർപ്പുളശ്ശേരി: ശിൽപവിദ്യയിലും വൈദ്യുതാലങ്കാരത്തിലും മത്സരബുദ്ധിയോടെ ചമയിച്ചൊരുക്കിയ എൺപതിൽപ്പരം ഇണക്കാള കോലങ്ങളുടെ അണമുറിയാത്ത പ്രവാഹത്തിന് സാക്ഷിയായി നാടും നഗരവും കാളപ്രേമികളും. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേലാഘോഷം ചെർപ്പുളശ്ശേരിയെ പുളകച്ചാർത്തണിയിച്ച് ആഘോഷിച്ചു. കണ്ണിനും കാതിനും കുളിർമ നൽകി ചമയങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയായിരുന്നു നഗര പ്രദക്ഷിണം.
തട്ടകദേശങ്ങളിൽനിന്ന് ആദ്യം കാവുവട്ടതെത്തി ശാസ്താവിനെ വന്ദിച്ചതിന് ശേഷമാണ് കാളകൾ പുത്തനാൽക്കലെത്തിയത്. ഇമകൾ വെട്ടിത്തുറന്നും തലയാട്ടിയും നാവ് നീട്ടിയുമുള്ള വിവിധ വർണത്തിലുള്ള ചന്തം തുടിക്കുന്ന ഭീമാകാരൻമാരായ ഇണക്കാളകളാണ് ഇത്തവണ പ്രദർശനത്തിനെത്തിയത്. നാൽപത് അടിയോളം ഉയരമുള്ള കാളകളെ 32 അടിയോളം വലിപ്പമുള്ള അലങ്കാര തലകളാണ് ഭംഗി ഒരുക്കിയിരുന്നത്. രാവിലെ തന്ത്രി അണ്ടലാടി മനക്കൽ ഉണ്ണിനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. കലാമണ്ഡലം ജിനേഷും സംഘവും ഓട്ടന്തുള്ളൽ അവതരിപ്പിച്ചു.
തുടർന്ന് നടന്ന കഞ്ഞിസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. ഉച്ചക്ക് ശേഷം ഹൈസ്കൂളിൽ നിന്നുള്ള സ്കൂൾ വേല, കരിവേല എന്നിവ എത്തിയതിന് ശേഷം കാളവരവ് ആരംഭിച്ചത്. വൈകീട്ട് തിരുവനന്തപുരം പാർത്ഥസാരഥിയുടെ പളനി ആണ്ഡവൻ ബാലെ അരങ്ങേറി. കുറ്റിക്കോട് കുമാരനും സംഘവും തായമ്പകയും അവതരിപ്പിച്ചു. കാളകൾ എല്ലാം വേലപറമ്പിൽ അണിനിരന്നു. ക്ഷേത്രം ഊരാളരായ മോഴിക്കുന്നത്ത് മനയുടെ ഒറ്റക്കാള ഒന്നാമതായി നിലയുറപ്പിച്ചു. തുടർന്ന് മറ്റു കാളകളും അണിനിരന്നു. രാത്രിപാന പിടിത്തവും തുടർന്ന് കാളയിറക്കവും നടന്നു. ഇതോടെ കൂത്തുമാടത്തിൽ കൂനത്തറ കെ. വിശ്വനാഥപ്പുലവർ നടത്തിയിരുന്ന രാമായണം തോൽപ്പാവകൂത്തിന് സമാപനമായി. വെള്ളിയാഴ്ച താലപ്പൊലി ആഘോഷിക്കും. ചവിട്ടുകളി, ഓട്ടന്തുള്ളൽ, എഴുന്നള്ളിപ്പ് എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

