പെൻഷനിലുടക്കി ചെർപ്പുളശ്ശേരി നഗരസഭ കൗൺസിൽ യോഗം
text_fieldsചെർപ്പുളശ്ശേരി നഗരസഭയിൽ പ്ലക്കാർഡ് ഉയർത്തി
അംഗങ്ങളുടെ പ്രതിഷേധം
ചെർപ്പുളശ്ശേരി: വിധവകളുടെയും അവിവാഹിതരുടെയും ക്ഷേമപെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട് ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലിൽ പ്രതിഷേധവും ബഹളവും. ബുധനാഴ്ച ചേർന്ന നഗരസഭ കൗൺസിലിൽ ഷാനവാസ് ബാബുവാണ് വിഷയം ഉന്നയിച്ചത്.
വിധവകളുടെയും അവിവാഹിതരുടെയും പുനർവിവാഹിതരല്ല എന്ന സാക്ഷ്യപത്രം നഗരസഭയിൽ പെൻഷൻ ഗുണഭോക്താക്കൾ മാസങ്ങൾക്കു മുമ്പേ സമർപ്പിച്ചിരുന്നെങ്കിലും യഥാസമയം നഗരസഭ അധികൃതർ പെൻഷൻ സൈറ്റിൽ അപ് ലോഡ് ചെയ്യാത്തതിനെ തുടർന്നാണ് മേയിലെ പെൻഷൻ ലഭിക്കാത്തത്. പെൻഷൻ സെക്ഷനിൽ ചുമതലയുള്ള ഉദ്യോഗസ്ഥനില്ലാത്തതും കൗൺസിലർമാർ ചോദ്യം ചെയ്തു. നഗരസഭാംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. ചെയർമാൻ പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ സഫ്ന പാറക്കൽ, കെ.എം. ഇസ്ഹാഖ്, പി. മൊയ്തീൻകുട്ടി പാറക്കത്തൊടി, ശ്രീലജ വാഴക്കുന്നത്ത്, സൗമ്യ, പി. അബ്ദുൽ ഗഫൂർ, വി.പി. സമീജ്, വി. വിനോദ്, നഗരസഭ സെക്രട്ടറി സീന എന്നിവർ സംസാരിച്ചു. 38 അജണ്ടകൾ യോഗത്തിൽ പരിഗണിച്ചു. വ്യാഴാഴ്ച അടിയന്തര കൗൺസിൽ യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു.