യുക്രെയ്നിൽ കുടുങ്ങിയ ചെര്‍പ്പുളശ്ശേരി സ്വദേശി അദ്നാനും കൂട്ടുകാരും നാട്ടിലെത്തി
text_fieldsചെര്‍പ്പുളശ്ശേരി: യുക്രെയ്നിൽ കുടുങ്ങിയ ചെര്‍പ്പുളശ്ശേരിക്കടുത്ത് നെല്ലായ മാരായമംഗലം കുളപ്പട സ്വദേശി അദ്നാൻ ഒറവകിഴായിലും കൂട്ടുകാരും നാട്ടിലെത്തി. യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ അപ്പാർട്മെന്റിലാണ് ഇവർ താമസിച്ചിരുന്നത്. ഒറവകിഴായിൽ മുഹമ്മദ് കുട്ടി ഹാജിയുടെയും ഹാജറയുടെയും മകൻ അദ്നാൻ (24), മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി മീബറ്റ ആദിൽ (23), തൃശൂർ സ്വദേശികളായ ദീദു ഡേവിസ് (26), സരീഷ് (30) എന്നിവരും സംഘത്തിലുണ്ട്.
അദ്നാൻ രണ്ട് മാസം മുമ്പാണ് ജോലിക്കും പഠനത്തിനുമായി യുക്രെയ്നിൽ പോയത്. കിയവ് സർവകലാശാലയിൽ എം.ബി.എ വിദ്യാർഥിയാണ്. യുക്രെയ്നിൽനിന്ന് പോളണ്ടിലെത്തി അവിടെനിന്ന് എംബസി സഹായത്തോടെയാണ് ഡൽഹി വഴി നെടുമ്പാശ്ശേരിയിൽ എത്തിയത്. യുദ്ധഭൂമിയിൽനിന്ന് സുരക്ഷിതനായി നാട്ടിലെത്തിയ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും.