ജില്ല വനിത-ശിശു ആശുപത്രിയിൽ സീലിങ് അടർന്നുവീണു
text_fieldsജില്ല ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഒ.പി വിഭാഗത്തിൽ സീലിങ് അടർന്നുവീണ സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിക്കുന്നു
പാലക്കാട്: ജില്ല വനിത-ശിശു ആശുപത്രിയിലെ സീലിങ് അടർന്നുവീണു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ആശുപത്രിയിലെ ഒ.പി കൗണ്ടറിനോട് ചേർന്നുള്ള ഭാഗത്തെ മേൽക്കൂരയിലെ പ്ലാസ്റ്റിക് സീലിങ് പാളികളാണ് അടർന്നുവീണത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഒ.പി ടിക്കറ്റെടുക്കാനായി വരി നിൽക്കുന്നതിനിടെയായിരുന്നു സംഭവം.
ശബ്ദം കേട്ട് ഓടിമാറുന്നതിനിടെ സീലിങ് പാളി കാലിൽ തട്ടി ഒരു സ്ത്രീക്ക് നിസാര പരിക്കേറ്റു. രോഗിയോടൊപ്പം എത്തിയ സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സുരക്ഷജീവനക്കാരും മറ്റും ചേർന്ന് അടർന്നുവീണ സീലിങ് പാളികൾ നീക്കം ചെയ്തു. ജില്ല പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ രണ്ട് വർഷം മുമ്പാണ് സീലിങ് പ്രവൃത്തികൾ നടത്തിയത്. ഇക്കഴിഞ്ഞ ഓണക്കാലത്തും ചെറിയ രീതിയിൽ പാളികൾ അടന്നുവീണിരുന്നു.
മേൽക്കൂര ഷീറ്റ് ആയതിനാൽ മഴക്കാലത്ത് ചോർന്നൊലിക്കലും വേനൽക്കാലത്ത് കടുത്ത ചൂടും മൂലം ആളുകൾ പ്രയാസപ്പെടുന്നത് പതിവായതോടെയാണ് രണ്ട് വർഷം മുമ്പ് പ്ലാസ്റ്റിക് സീലിങ് നടത്തിയത്. എന്നാൽ, ഉറപ്പില്ലാത്ത സ്ക്രൂകളിൽ ഉറപ്പിച്ചതിനാലാണ് ഇവ വീണമെന്നും ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവൃത്തി മോശമായിരുന്നുവെന്നും എച്ച്.എം.സി ഭാരവാഹികൾ ആരോപിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് ജില്ല പഞ്ചായത്തിൽനിന്ന് ആളുകളെത്തി മുഴുവൻ സീലിങ്ങും അഴിച്ചുമാറ്റി. വീണ്ടും സീലിങ് നടത്തുന്നതിനായി ജില്ല പഞ്ചായത്ത് നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
സൂപ്രണ്ടിനെ ഉപരോധിച്ചു
പാലക്കാട്: ജില്ല ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഒ.പി വിഭാഗത്തിൽ സീലിങ് അടർന്നുവീണ സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചു. അഡീഷനൽ ഡി.എം.ഒ സ്ഥലത്തെത്തി പ്രശ്നപരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതിന്റെ ഭാഗമായി താൽക്കാലികമായി സമരം അവസാനിപ്പിച്ചു.
ജില്ല സെക്രട്ടറി സുമലത മോഹൻദാസ്, ജില്ല എക്സിക്യൂട്ടീവ് അംഗം മുരളി കെ. താരേക്കാട്, കെ. കൃഷ്ണൻകുട്ടി, കെ. ബാബു, ജമാൽ ശശികുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

