സമയത്തെ ചൊല്ലി ജീവനക്കാരുടെ കൂട്ടയടി; ആറുപേർക്കെതിരെ കേസ്
text_fieldsപാലക്കാട്: സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബസ് ജീവനക്കാർ തമ്മിൽ റോഡിൽ കൂട്ടത്തല്ല്. ആറുപേർക്കെതിരെ കേസ്. ചൊവ്വാഴ്ച രാവിലെ 10.30ന് ദേശീയപാത 544ൽ മരുതറോഡിലാണ് സംഭവം. പാലക്കാട്-വാളയാർ റൂട്ടിലോടുന്ന അശ്വതി, മേച്ചേരി ബസുകളിലെ ജീവനക്കാർ തമ്മിലാണ് തല്ലുണ്ടായത്.
സമയം തെറ്റിച്ചെന്ന് ആരോപിച്ച് നടുറോഡിൽ അശ്വതി ബസിന് കുറുകെ മേച്ചേരി ബസ് നിർത്തിയായിരുന്നു ജീവനക്കാർ പ്രശ്നമുണ്ടാക്കിയത്. ഇതോടെ റോഡിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ഇടപെട്ടാണ് ജീവനക്കാരെ പിന്തിരിപ്പിച്ചത്.
പിന്നാലെ കസബ പൊലീസും സ്ഥലത്തെത്തി. പരിശോധനയിൽ മേച്ചേരി ബസിലെ ഡ്രൈവർ രാജേഷ് കുമാർ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ തുടർനടപടികൾക്ക് ശിപാർശ ചെയ്തിട്ടുണ്ട്. കൂടാതെ കൂട്ടത്തല്ലുണ്ടാക്കിയ അഖിൽ, ജഗദീഷ്, നാരായണനുണ്ണി, രോഹിത്, സൗമേഷ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. ഇതിൽ ബസ് ജീവനക്കാരും വഴിയാത്രക്കാരും ഉണ്ട്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

