കനാൽ നവീകരണം നീളുന്നു: കർഷകർ ആശങ്കയിൽ
text_fieldsകോങ്ങാട്: മേഖലയിലെ കനാലുകളുടെ നവീകരണം വൈകുന്നത് കാർഷിക ജലസേചനത്തിനുള്ള വഴി മുടങ്ങുമെന്ന് കർഷകർക്ക് ആശങ്ക. പ്രധാനമായും കാഞ്ഞിരപ്പുഴ കനാൽ കരിമ്പ പഞ്ചായത്തിനോട് ചേർന്ന കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിപ്രദേശമായ മണിക്കശ്ശേരി മുതൽ പതിനാറാംമൈൽ കുണ്ടുവംപാടം വരെ പ്രദേശങ്ങളിൽ കനാൽ ചെളിയും പായലും നിറഞ്ഞതിന് പുറമെ കനാലിനകത്ത് കാട് നിറഞ്ഞു.
കാഞ്ഞിരപ്പുഴ ഡാമിൽനിന്ന് കാർഷിക ജലസേചനത്തിന് വടശ്ശേരി നീർപ്പാലം വഴി ഒറ്റപ്പാലം താലൂക്കിന്റെ അതിർത്തി പ്രദേശം വരെ ജലമെത്തുന്ന കനാലാണ് ജലസഞ്ചാര വഴികൾ പാടെ അടഞ്ഞ നിലയിലായത്. കാഞ്ഞിരപ്പുഴ കനാൽ വെള്ളം പ്രതീക്ഷിച്ച് പാലക്കാട്, ഒറ്റപ്പാലം താലൂക്കിലെ നിരവധി ഉൾനാടൻ കർഷകർ നെല്ല്, വാഴ, മറ്റ് നാടൻ ഭക്ഷ്യവിളകൾ വൻതോതിൽ കൃഷി ഇറക്കുന്നുണ്ട്. കൃഷി നനക്കാൻ ആവശ്യമായ വെള്ളം എത്താതിരുന്നാൽ മേഖലയിലെ കർഷകരുടെ ഉപജീവന മാർഗമാണ് മുടങ്ങുന്നത്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതി വഴി അതത് ഗ്രാമപഞ്ചായത്തുകൾ നിശ്ചിത ഇടങ്ങളിൽ കനാൽ വൃത്തിയാക്കിയിരുന്നു.
ഇത്തവണ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് ജലസേചനവകുപ്പിന് പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. ജലസേചനവകുപ്പിന്റെ നവീകരണ പദ്ധതിയിൽ പ്രദേശങ്ങളിലെ കനാൽ നവീകരണം ഉൾപ്പെടുത്തി കനാൽ വെള്ളവിതരണം കുറ്റമറ്റതാക്കണമെന്ന് പാടശേഖര സമിതികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

