തിക്കിത്തിരക്കി അയ്യപുരം -ശേഖരിപുരം റോഡ്
text_fieldsഒലവക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയെയും കോയമ്പത്തൂർ-കോഴിക്കോട് ലിങ്ക്പാതയെയും ബന്ധിപ്പിക്കുന്ന ശേഖരിപുരം-അയ്യപുരം റോഡ് വൺവേയാക്കണമെന്നാവശ്യം ശക്തമാവുന്നു. ഇടുങ്ങി കുപ്പിക്കഴുത്തായ അയ്യപുരം ജംഗ്ഷനിലൂടെ വാഹനങ്ങൾ പോകുന്നത് അപകടകരമായ രീതിയിലാണ്. പാലക്കാട് നിന്നും കോഴിക്കോട്, ചെർപ്പുളശ്ശേരി, കമ്പ, ആർ.ഐ.വൈ കോളനി ബസുകൾ അയ്യപുരം വഴിയാണ് സർവിസ് നടക്കുന്നത്. ഇരുവശത്തും റോഡിനോടു ചേർന്ന അഗ്രഹാരങ്ങളും വ്യാപാര സ്ഥാപനങ്ങളുമുള്ളതിനാൽ റോഡ് വളരെ വീതി കുറവാണ്. ശേഖരിപുരം ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ കൽമണ്ഡപം ബൈപാസിലൂടെ നീരാട്ടുകുളം വഴി വിക്ടോറിയ കോളേജിന് മുന്നിലൂടെ പാലക്കാട്ടെത്തുകയാണെങ്കിൽ അയ്യപുരം ജംഗ്ഷനിലെ ഗതാഗതക്കുരുക്കൊഴിവാക്കാനാവും.
സ്വകാര്യവാഹനങ്ങൾക്കു പുറമെ സ്വകാര്യ കെ.എസ്.ആർ.ടി.സി ബസുകളും ചരക്കുവാഹനങ്ങളും കടന്നുപോവുന്ന പ്രധാന പാതയാണിത്. കാലമേറെയായിട്ടും അനുദിനം വാഹനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടാവുമ്പോഴും അയ്യപുരം റോഡ് വീതി കൂട്ടൽ കടലാസിലൊതുങ്ങുകയാണ്. കോഴിക്കോട്, ആർ.ഐ.വൈ കോളനി ബസുകൾ മിക്കപ്പോഴും മരണപ്പാച്ചിൽ നടത്തുന്നതിനാൽ ഇതുവഴിയുള്ള കാൽനടയാത്രയും ഭീതിതമാണ്. വീതി കുറഞ്ഞ റോഡിൽ പലപ്പോഴും സ്വകാര്യ ബസുകൾ അമിതവേഗത്തിൽ പായുന്നതും പരസ്പരം വാക്കുതർക്കത്തിലേർപ്പെടുന്നതും മൂലം ഗതാഗതക്കുരുക്ക് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ആയിരക്കണക്കിനു വാഹനങ്ങൾ രാപകലന്യേ കടന്നുപോവുന്ന അയ്യപുരം-ശേഖരിപുരം റോഡ് വൺവേയാക്കണമെന്നാണ് ജനകീയാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

