മുണ്ടൂർ പഞ്ചായത്ത് സ്റ്റാൻഡ് കൈയൊഴിഞ്ഞ് ബസുകൾ
text_fieldsഒരു മാസം മുമ്പ് ഉദ്ഘാടനംചെയ്ത മുണ്ടൂർ പഞ്ചായത്ത്ബസ് സ്റ്റാൻഡ്
മുണ്ടൂർ: മുണ്ടൂർ പഞ്ചായത്ത് സ്റ്റാൻഡ് സ്വകാര്യ ബസുകൾ വീണ്ടും കൈയൊഴിഞ്ഞതോടെ യാത്രക്കാർ ത്രിശങ്കുവിൽ. ത്രിതല പഞ്ചായത്ത്, എം.എൽ.എമാരുടെ ഫണ്ടുൾപ്പെടെ ഒരു കോടി രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ഒരു മാസം മുമ്പ് തദ്ദേശമന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചത്. ഉദ്ഘാടനാനന്തരം സ്റ്റാൻഡിൽ ബസുകൾ പ്രവേശിച്ചിരുന്നില്ല. തുടർന്ന് മുണ്ടൂർ പഞ്ചായത്ത് ഭരണസമിതി ഇടപെട്ടു.
ഒരാഴ്ച പ്രശ്നത്തിൽ പൊലീസ് ഇടപെട്ടതോടെ ബസുകൾ സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റി പോയി. രണ്ടാഴ്ച പിന്നിട്ടതോടെ ചില ബസുകൾ കയറാതായി. ബസുകൾ സ്റ്റാൻഡിൽ കയറാത്ത പശ്ചാത്തലത്തിൽ ലോറികളും സ്വകാര്യ വാഹനങ്ങളും സ്റ്റാൻഡ് കൈയേറുന്ന സാഹചര്യവും ഉണ്ട്. ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാൽ സ്റ്റാൻഡിൽ മുഴുവൻസമയം സാന്നിധ്യം ഉറപ്പാക്കാനാവാറില്ലെന്ന് പൊലീസ് പറയുന്നു. നിലവിൽ സ്റ്റാൻഡിൽ കയറാതായതോടെ യാത്രക്കാർ ബസിൽ കയറിപ്പറ്റാൻ പഴയരീതി അവലംബിക്കുകയാണ്. മുണ്ടൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നല്ല രീതിയിൽ ഉപയോഗിക്കാൻ മുഴുവൻ ജനപ്രതിനിധികളും ജില്ല ആർ.ടി.ഒയും ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

