മുണ്ടൂരിൽ ബസ് സ്റ്റാൻഡ് ആയിട്ടും യാത്രക്കാരുടെ പ്രശ്നങ്ങൾ തീർന്നില്ല
text_fieldsമുണ്ടൂർ: മുണ്ടൂരിൽ ബസ് സ്റ്റാൻഡ് വന്നിട്ടും യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. പൊതുഇടങ്ങളിൽ ശുചിമുറി സൗകര്യങ്ങൾ പ്രവർത്തിപ്പിക്കണമെന്ന സർക്കാർ നിർദേശം പ്രാവർത്തികമാക്കാൻ അധികൃതർക്ക് സാധിക്കാത്തതാണ് തിരിച്ചടിയായത്. മഴക്കാലത്തും വേനൽക്കാലത്തും ഹൃസ്വ ദീർഘദൂര യാത്രക്കാർക്ക് ഇപ്പോഴും പെരുവഴി തന്നെയാണ് പ്രാഥമികാവശ്യം നിറവേറ്റാൻ ആശ്രയം.
സ്വകാര്യ ബസ് ജീവനക്കാരുടെ സഹകരണമില്ലാത്തതിനാൽ ഒന്നര വർഷം മുമ്പ് തദ്ദേശമന്ത്രി ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡ് കം ഷോപ്പിങ് സമുച്ചയം ആർക്കും ഉപകാരമില്ലാത്ത അവസ്ഥയിലാണ്. ഒരു കോടി രൂപ മുതൽ മുടക്കിൽ നാലുഘട്ടങ്ങളിൽ മൂന്ന് എം.എൽ.എമാരുടെ ഫണ്ട്, ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതം എന്നിവ വിനിയോഗിച്ചാണ് മുണ്ടൂരിലെ വാണിജ്യ സമുച്ചയത്തോടു കൂടിയ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിച്ചത്.
ഉദ്ഘാടന ശേഷം കുറച്ച് ദിവസങ്ങൾ മാത്രമാണ് ബസുകൾ സ്റ്റാൻഡിൽ പ്രവേശിച്ചത്. പ്രശ്ന പരിഹാരത്തിനായി തദ്ദേശവകുപ്പ്, പൊലീസ്, ജനപ്രതിനിധി, വിവിധ രാഷ്ട്രീയ പാർട്ടി എന്നിവരുടെ യോഗം ചേർന്നെങ്കിലും തുടർപ്രവർത്തനമുണ്ടായില്ല.
പാലക്കാട്-കോഴിക്കോട് ദേശീയപാത 966, മുണ്ടൂർ-തൂത റോഡ്, പാലക്കാട്, മണ്ണാർക്കാട് പാതകൾ സംഗമിക്കുന്ന പ്രധാന കേന്ദ്രമാണ് മുണ്ടൂർ ടൗൺ. കുടുംബശ്രീ വിപണന കേന്ദ്രം, യാത്രക്കാർക്ക് ശൗചാലയം എന്നിവയുടെ കാര്യത്തിൽ മെച്ചപ്പെട്ട സൗകര്യം ബസ് സ്റ്റാൻഡിലുണ്ട്. സ്വകാര്യ ബസുകാർ സ്റ്റാൻഡിൽ പ്രവേശിക്കുന്നത് വഴി സമയനഷ്ടം ഉണ്ടാവുന്നതായി ബസ് ജീവനക്കാർ പറയുന്നു. പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കി പ്രശ്നം പരിഹരിക്കാൻ ആവശ്യത്തിന് പൊലീസില്ലെന്ന ന്യായവും പൊലീസ് പക്ഷത്തുണ്ട്. വൻ തുക മുടക്കി നിർമിച്ച സംരംഭം ഫലപ്രദമായി ഉപയോഗിക്കാൻ ഇനിയും പറ്റിയില്ല. അതേസമയം, ഇക്കാര്യത്തിൽ ശ്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

