
വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; 7.32 ലക്ഷം കവർന്നു
text_fieldsതച്ചനാട്ടുകര (പാലക്കാട്): വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. അക്രമത്തിൽ പരിക്കേറ്റ നാട്ടുകൽ ആശുപത്രിപ്പടിയിലെ വളയമ്പുഴ റഷീദിനെ (43) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അലമാരയിൽ സൂക്ഷിച്ചിരുന്ന 7,32,000 രൂപയും ചെക്ക് ലീഫുകളും ആക്രമിസംഘം കവർന്നതായി പരാതിയിൽ പറയുന്നു . സംഭവവുമായി ബന്ധപ്പെട്ട് മുതുക്കുംപുറം അബു താഹിറിനെ (21) നാട്ടുകൽ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
കോഴിഫാം നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. വീട്ടിലെത്തിയ ഒരു സംഘം റഷീദിനെ വെട്ടി പരിക്കേൽപ്പിക്കുകയും തടയാൻ ചെന്ന ഭാര്യ, മാതാവ് എന്നിവരെ ചവിട്ടിവീഴ്ത്തുകയും ചെയ്യുകയായിരുന്നു.
അലമാരയിൽ സൂക്ഷിച്ച പണവും ചെക്ക് ലീഫുകളും കൈക്കലാക്കിയ സംഘം റഷീദിനെ ബലമായി കാറിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും റഷീദ് രക്ഷപ്പെട്ടു. അക്രമി സംഘത്തിൽപെട്ട അബു താഹിർ ബഹളത്തിനിടെ നാട്ടുകാരുടെ കൈയിൽപെടുകയായിരുന്നു. കേസിലുൾപ്പെട്ട സംഘത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് നാട്ടുകൽ പൊലീസ് അറിയിച്ചു.