ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ ബിരിയാണി ഫെസ്റ്റ്
text_fieldsകോട്ടായിയിൽ നടത്തിയ ബിരിയാണി ഫെസ്റ്റിൽ പാക്കറ്റ് തയാറാക്കുന്ന യുവാക്കൾ
കോട്ടായി: യുവാവിെൻറ വൃക്കമാറ്റിവെക്കലിന് പണം കണ്ടെത്താൻ ബിരിയാണി ഫെസ്റ്റ് നടത്തി.
എട്ട് വർഷം മുമ്പ് വൃക്ക മാറ്റിവെച്ച കോട്ടായി കുണ്ടുപറമ്പിൽ പരേതനായ ഹംസയുടെ മകൻ ഷാജഹാനാണ് (29) വൃക്ക മാറ്റിവെക്കേണ്ടിവരുന്നത്. ഇപ്പോൾ ഡയാലിസിസ് നടത്തിവരുകയാണ്.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ കോട്ടായി അപ്പുണ്ണി ഏട്ടൻ വായനശാലയുടെ നേതൃത്വത്തിൽ ചികിത്സാകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കമ്മിറ്റിക്കു കീഴിൽ ഞായറാഴ്ച ബിരിയാണി ഫെസ്റ്റ് നടത്തി. പാക്കറ്റ് ഒന്നിന് 100 രൂപ നിരക്കിലാണ് ബിരിയാണി വിതരണം ചെയ്തത്. യുവാക്കൾ ഒന്നാകെ കാരുണ്യപ്രവർത്തനത്തിൽ പങ്കാളിയായെന്ന് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൻ ലളിത ബി. മേനോൻ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ. ജയരാജൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി.കെ. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

