സ്ക്രാച്ച് ആൻഡ് വിന് കാര്‍ഡുകൾക്കെതിരെ ജാഗ്രതൈ
text_fieldsപാലക്കാട്: ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്, സ്ക്രാച്ച് ആൻഡ് വിന് കാര്‍ഡുകള്‍ വീണ്ടും വരുന്നു. കരുതിയിരുന്നാൽ പണം നഷ്ടപ്പെടാതെ സൂക്ഷിക്കാം. ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും ജില്ലയില്‍ പലയിടത്തും ലക്ഷങ്ങളും വിലകൂടിയ കാറുകളും സമ്മാനമടിക്കുന്ന വ്യാജ സ്ക്രാച്ച് ആൻഡ് വിന് കാര്‍ഡുകള്‍ തപാലില്‍ വരുന്നത്. കഴിഞ്ഞദിവസം പുതുശ്ശേരിയിലുള്ള യുവതിക്ക് മീഷോ ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍നിന്ന് 10.5 ലക്ഷം രൂപയാണ് സ്ക്രാച്ച് ആൻഡ് വിനില്‍ ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പിന് ശ്രമം നടന്നത്.
സ്ക്രാച്ച് കാര്‍ഡിനൊപ്പമുള്ള കത്തിലെ നമ്പറില്‍ ബന്ധപ്പെട്ട യുവതി പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത് ഭര്‍ത്താവിന്റെ അവസരോചിതമായ ഇടപെടലില്‍. 12 ലക്ഷം രൂപ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും പ്രോസസിങ് ചാര്‍ജ്, എന്‍.ഒ.സി ചാര്‍ജ്, ജി.എസ്.ടി ഉൾപ്പെടെ അടച്ചാല്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ എന്നാണ് തട്ടിപ്പ് സംഘം യുവതിയെ വിശ്വസിപ്പിച്ചത്. എന്നാല്‍, ഭര്‍ത്താവ് സമീപത്തുതന്നെയുള്ള ബാങ്കില്‍ പോയി അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പാണെന്ന് ബോധ്യമായി. ഇതോടെ യുവതി പാലക്കാട് സൈബര്‍ പൊലീസിനെ സമീപിച്ചു. പണം നഷ്ടപ്പെടാത്തതിനാല്‍ ഇവര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല.
ഈ വര്‍ഷം ആദ്യമായാണ് ഇത്തരം സംഭവം പൊലീസിന്റെ ശ്രദ്ധയില്‍ വരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പാലക്കാട്ടെ യുവാവില്‍നിന്ന് സമ്മാനം ലഭിക്കാനുള്ള വിവിധ ചാര്‍ജുകളെന്ന പേരില്‍ തട്ടിയെടുത്തത് 4,22,000 രൂപയാണ്. മഹീന്ദ്ര എക്സ്.യു.വി വാഹനം ലഭിച്ചെന്നാണ് സ്ക്രാച്ച് കാര്‍ഡിലുണ്ടായിരുന്നത്. രണ്ടു മാസത്തിനു ശേഷം പാലക്കാട് സൈബര്‍ പൊലീസ് നാല് പ്രതികളെ പിടികൂടിയിരുന്നു. സമാന രീതിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ പിരായിരിയിലെ യുവതിയില്‍നിന്ന് കഴിഞ്ഞവര്‍ഷം 4.79 ലക്ഷം രൂപയാണ് തട്ടിയത്.
സ്ഥിരമായി ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്ന പലര്‍ക്കും സമാന രീതിയില്‍ സ്ക്രാച്ച് കാര്‍ഡ് തപാലില്‍ വീണ്ടും വന്നുതുടങ്ങിയിട്ടുണ്ട്. ഇത്തരം സംഭവവുമായി ബന്ധപ്പെട്ട ഫോണ്‍ കാളുകളില്‍ വ്യക്തിവിവരങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി എന്നിവ ആര്‍ക്കും കൈമാറരുതെന്ന് പാലക്കാട് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

