നിരോധിത ഇ-സിഗരറ്റ്: ജില്ലയിൽ പിടികൂടിയത് 24 എണ്ണം
text_fieldsപാലക്കാട്: കേന്ദ്രസർക്കാർ നിരോധിച്ച ഇ-സിഗരറ്റ് ജില്ലയിൽ ഈ വർഷം പിടികൂടിയത് 24 എണ്ണം. ജനുവരി ഒന്ന് മുതൽ ഡിസംബർ 28 വരെയുള്ള എക്സൈസിന്‍റെ കണക്കുപ്രകാരമാണിത്. വാളയാർ അതിർത്തിയിലെ പരിശോധനക്കിടയിലാണ് ഇലക്ട്രോണിക് സിഗരറ്റുകൾ പിടികൂടിയത്. ബംഗളൂരുവിൽനിന്നും മറ്റും വോൾവോ ബസുകളിൽ വരുന്ന യുവാക്കളിൽനിന്നാണ് കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു. 2019ലാണ് കേന്ദ്ര സർക്കാർ ഇ-സിഗരറ്റുകൾ രാജ്യത്ത് നിരോധിച്ചത്.
എക്സൈസ് പരിശോധന ശക്തമാക്കിയതോടെയാണ് 24 കേസുകൾ ഈ വർഷം പിടികൂടാനായത്. കോട്പ 2003 നിയമപ്രകാരമാണ് കേസെടുക്കുന്നത്. പിഴ ഉൾപ്പെടെ ശിക്ഷ ലഭിക്കാം. പരിശോധനയിൽ പിടികൂടുന്ന ലഹരി പദാർഥങ്ങളെല്ലാം മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ എൻ.ഒ.സി എടുത്ത ശേഷം മലബാർ സിമന്‍റ്സിൽ എത്തിച്ച് നശിപ്പിക്കുമെന്ന് എക്സൈസ് പാലക്കാട് ഡെപ്യൂട്ടി കമീഷണർ പി.കെ. സതീഷ് പറഞ്ഞു.
പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയാൻ അതിർത്തി കേന്ദ്രീകരിച്ച് സ്ക്വാഡുകളും താലൂക്കുകൾ കേന്ദ്രീകരിച്ച് മേഖലാതല പരിശോധനയും 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക്കോട്ടിൻ ലിക്വിഡ് അടങ്ങിയ ഇ-സിഗരറ്റ് തുടർച്ചയായി വലിച്ചാൽ സാധാരണ സിഗരറ്റ് വലിക്കുന്നതിനേക്കാൾ മാരകമായ പാർശ്വഫലങ്ങളുണ്ടാക്കും. സിഗരറ്റ് പാക്കുകളുടെ വലിപ്പത്തിൽ പോക്കറ്റുകളിൽ സൂക്ഷിച്ച് റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഇവ പല ഫ്ലേവറുകളിൽ വിപണിയിലുണ്ട്.
ഈ വർഷം ജില്ലയിൽ എൻ.ഡി.പി.എസ് കേസുകൾ 643
ഈ വർഷം ജില്ലയിൽ കണ്ടെത്തിയത് 643 എൻ.ഡി.പി.എസ് കേസുകളാണ്. ഇതിൽ പ്രതികളായ 554 പേരെ എക്സൈസ് അറസ്റ്റു ചെയ്തു. 13,392 റെയ്ഡുകളാണ് ഈ വർഷം ജില്ലയിലൊട്ടാകെ എക്സൈസ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേർന്ന് 272 പരിശോധനകളും നടത്തി. 6,62,900 രൂപയാണ് ഇത്രയും കേസുകളിലായി ജി.എസ്.ടി ശേഖരിച്ചത്. 1922 അബ്കാരി കേസുകളും ഈ വർഷം രജിസ്റ്റർ ചെയ്തു. 1707 പ്രതികളിൽ 1642 പേരെയും അറസ്റ്റു ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് 94 വാഹനങ്ങളാണ് കണ്ടുകെട്ടിയത്.
35,400 രൂപയും പിടികൂടി. 8328 കോട്പ കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്. പിഴ തുകയായി 16,65,200 രൂപയും ലഭിച്ചു. 1790.675 കിലോ ഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി നശിപ്പിച്ചു. 586 ലിറ്റർ സ്പിരിറ്റും 844.850 ലിറ്റർ ചാരായവും പിടികൂടിയവയിൽ ഉൾപ്പെടുന്നു. 702 കിലോഗ്രാം കഞ്ചാവ്, 4871 കഞ്ചാവ് ചെടി, കഞ്ചാവ് ബീഡി മൂന്നെണ്ണം, 137 ഗ്രാം ഹെറോയിൻ, 74 ഗ്രാം ചരസ്, 144.197 ഗ്രാം എം.ഡി.എം.എ, 2553.703 ഗ്രാം മെത്താഫെറ്റമിൻ, 13.210 ഗ്രാം നൈട്രോസെപാം ഗുളിക തുടങ്ങിയ മാരക ലഹരി ഉൽപന്നങ്ങൾ ഇക്കാലയളവിൽ എക്സൈസ് പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

