കോഴിമാലിന്യം ജില്ലക്ക് പുറത്ത് കൊണ്ടുപോകുന്നതിന് വിലക്ക്
text_fieldsപാലക്കാട്: കോഴിമാലിന്യം (പൗള്‍ട്രി വേസ്റ്റ്) ജില്ല വിട്ട് കൊണ്ടുപോകുന്നതിന് കര്‍ശന വിലക്കുമായി തദ്ദേശവകുപ്പിന്റെ ഉത്തരവ്. കോഴിമാലിന്യം അനധികൃതമായി കടത്തുന്നത് തടയാനും ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണിത്.
തദ്ദേശഭരണ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് നിയമം ലംഘിച്ച് മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടി ലേലം ചെയ്യാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമാര്‍ക്ക് (എസ്.ഡി.എം) അധികാരം നല്‍കിയിട്ടുണ്ട്.
നഗരസഭ സെക്രട്ടറി, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്, അല്ലെങ്കില്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന് എന്നിവര്‍ക്ക് അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും എസ്.ഡി.എമ്മിന് മുമ്പാകെ ഹാജരാക്കാനും കഴിയും.
കണ്ടുകെട്ടുന്നതിന് മുമ്പ് വാഹന ഉടമക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്കിയ ശേഷം എസ്.ഡി.എമ്മിന് കണ്ടുകെട്ടല്‍ ഉത്തരവ് പുറപ്പെടുവിക്കാം. കണ്ടുകെട്ടിയ വാഹനം ലേലം ചെയ്ത് വില്‍ക്കണം. സമീപ ജില്ലയിലെ മാലിന്യ പ്ലാന്റാണ് സ്വന്തം ജില്ലയിലെ പ്ലാന്റിനെക്കാള്‍ അടുത്തുള്ളതെങ്കില്‍ ജില്ല അതിര്‍ത്തി കടക്കുന്നതിന് ജില്ലതല സൗകര്യ ഏകോപന സമിതിയുടെ (ഡി.എൽ.എഫ്.എം.സി) അനുവാദത്തോടെ ഇളവ് അനുവദിക്കാം.
ജില്ലക്കുള്ളിലെ പ്ലാന്റിന് ആവശ്യത്തിന് സംസ്കരണ ശേഷിയില്ലെങ്കിലോ തകരാറിലാണെങ്കിലോ ജില്ലക്ക് പുറത്തുള്ള പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ ഡി.എല്‍.എഫ്.എം.സിയുടെ അനുവാദത്തോടെ അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
കോഴിമാലിന്യം ജില്ലയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ ജി. വരുണ്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

