കാട്ടാനക്കുട്ടി ചെരിഞ്ഞത് പാറകളുടെ മുകളിലേക്ക് നെഞ്ചിടിച്ച് വീണെന്ന് സൂചന
text_fieldsതരുപ്പപ്പതി മുണ്ടനാട് പുഴയിൽ കണ്ട കാട്ടാനക്കുട്ടിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കുന്നു
തച്ചമ്പാറ: പാലക്കയത്തിന് സമീപം തരുപ്പപ്പതി മുണ്ടനാട് പുഴയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞത് പുഴയിലെ പാറകളുടെ മുകളിലേക്ക് നെഞ്ചിടിച്ച് വീണാകാമെന്ന് സൂചന. കാട്ടാനക്കുട്ടിയുടെ ജഡത്തിൽ മരണകാരണമാകുന്ന ബാഹ്യമായ പരിക്കുകളില്ല. ജഡത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നും അനുമാനിക്കുന്നു. കാട്ടാനയുടെ ജഡം പുഴയിൽ നിന്നും കരയിലെക്കെടുത്ത് അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.
ഒരു വയസ്സിനകമുള്ള പിടിയാനക്കുട്ടിയുടെ ജഡമാണ് പുഴയിലെ പാറക്കല്ലുകളിൽ തങ്ങി നിൽക്കുന്ന നിലയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ കണ്ടെത്തിയിരുന്നത്. പുഴയിൽ ശക്തമായ ഒഴുക്കായിരുന്നതിനാൽ ജഡം കരക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാവിലെ പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ സ്ഥലത്തെത്തി വടം ഉപയോഗിച്ച് ജഡം കെട്ടിവലിച്ച് 500 മീറ്ററോളം താഴെ കൊണ്ടുവന്ന് സ്വകാര്യത്തോട്ടത്തിൽ പോസ്റ്റുമോർട്ടം നടത്തിയാണ് സംസ്കരിച്ചത്.
മണ്ണാർക്കാട് ഡി.എഫ്.ഒ സി. അബ്ദു ലത്തീഫ്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ. ഇമ്റോസ് ഏലിയാസ് നവാസ്, തച്ചമ്പാറ വെറ്ററിനറി ഡോക്ടർ സുവർണ ഹരിദാസ്, അഡ്വ.ലിജോ, പ്രഫ.എ. അബ്ദുൽ റഷീദ്, ബി.എഫ്.ഒ ജെ. ഹുസൈൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ മനോജ്, വാർഡ് അംഗം രാജി ജോണി എന്നിവരുൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

