കെ.എസ്.ഇ.ബി മുറിച്ച വേപ്പിന്റെ ശിഖരത്തിന് ജീവൻ നൽകാൻ ഓട്ടോ ഡ്രൈവർമാർ
text_fieldsകെ.എസ്.ഇ.ബി അധികൃതർ മുറിച്ചുമാറ്റിയ വേപ്പിൻ ശിഖരം
പാലക്കാട് മെഡിക്കൽ കോളജ് ഓട്ടോസ്റ്റാൻഡിലുള്ള
ഡ്രൈവർമാർ കയറിൽ കെട്ടി പുനഃസ്ഥാപിച്ചപ്പോൾ
യാക്കര: മുറിച്ച വേപ്പിന്റെ ശിഖരത്തിന് ജീവൻ നൽകാനുള്ള ശ്രമത്തിൽ ഓട്ടോ ഡ്രൈവർമാർ. അഞ്ച് വർഷം മുമ്പ് പരിസ്ഥിതി ദിനത്തിൽ പാലക്കാട് മെഡിക്കൽ കോളജിനടുത്ത് ദേശീയപാതയിൽ ഓട്ടോസ്റ്റാൻഡിൽ നട്ടുപിടിപ്പിച്ച വേപ്പിന്റെ ശിഖരമാണ് കെ.എസ്.ഇ.ബി ജീവനക്കാർ തിങ്കളാഴ്ച മുറിച്ചത്. കടുത്ത വേനലിൽ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം ശേഖരിച്ച് നനച്ച് വലുതാക്കിയ വേപ്പിനെ വൈദ്യുതിലൈൻ കടന്നു പോകുന്നതിന്റെ പേരിൽ പരിസ്ഥിതി ദിനത്തിൽ തന്നെ മുറിച്ചത് ഓട്ടോ ഡ്രൈവർമാരെ വേദനിപ്പിച്ചു.
വൈദ്യുതി ലൈനിൽനിന്ന് നാലടിയിലധികം താഴെ നിൽക്കുന്ന വേപ്പിന്റെ ശിഖരങ്ങൾ മുറിച്ചതാണ് വേദനിപ്പിച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. ശിഖരങ്ങൾ മുറിഞ്ഞ വേപ്പ് അതേ സ്ഥാനത്ത് വലിച്ചുകെട്ടി ജീവൻ നൽകാനുള്ള ശ്രമത്തിലാണ് ഓട്ടോ ഡൈവർമാരായ ഗിരീഷ് കുമാർ, രതീഷ്, മണികണ്ഠൻ തുടങ്ങിയവർ. വേപ്പ് സംരക്ഷിക്കുമെന്ന് ഇവർ പറഞ്ഞു.
വേപ്പിനോടോപ്പം നട്ടുപിടിപ്പിച്ച തണൽ വൃക്ഷങ്ങളെ വൈദ്യുതി ലൈനിൽ എത്തുംമുമ്പേ ശിഖിരങ്ങൾ മാറ്റി വളർത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ് മെഡിക്കൽ കോളജ് ഓട്ടോസ്റ്റാന്റിലെ 17 ഓട്ടോ ഡ്രൈവർമാർ.