ഓട്ടോ വാഴും നഗരം
text_fieldsപാലക്കാട്: തലങ്ങും വിലങ്ങും പായുന്ന ഓട്ടോകളില്ലാതെ നഗരത്തെ എങ്ങനെ ചിത്രീകരിക്കും. പാലക്കാട് നഗരത്തിലാകട്ടെ നിരത്തിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന വാഹനവും ഓട്ടോകളാവും. ഒരുപക്ഷേ കടന്നുപോകുന്നവരെ അതിശയിപ്പിക്കുന്ന അത്രയും ഓട്ടോകൾ. ഇടറോഡുകളിലും പ്രധാന പാതകളിലുമടക്കം ഗതാഗതം മുടക്കി അലക്ഷ്യമായി നിറുത്തിയിട്ടിരിക്കുന്നവ മുതൽ മീറ്ററില്ലാതെയും ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെയും യാത്രക്കാരുടെ കുത്തിനുപിടിക്കുന്ന വില്ലൻ ഓട്ടോകൾ വരെ നീളുന്ന പട്ടിക.
2800 ഓട്ടോകളും പിന്നെ നുഴഞ്ഞുകയറ്റവും
117 സ്റ്റാൻഡുകളിലായി 2,800 ഓട്ടോറിക്ഷകൾക്കാണ് നഗരസഭ പരിധിയിൽ ഓടാനാവശ്യമായ പെർമിറ്റുള്ളത്. എന്നാൽ, പ്രതിദിനം 4000ഓളം ഓട്ടോറിക്ഷകൾ പെർമിറ്റില്ലാതെ നഗരത്തിലോടുന്നതായി നഗരസഭാധികൃതരും സമ്മതിക്കുന്നു. നഗരസഭയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളിൽനിന്ന് നഗരത്തിലെത്തി വാടകക്ക് ഓടുന്ന വിരുതൻമാരാണ് ഭൂരിഭാഗവും. പെർമിറ്റിന്റെ ചെറിയ സ്റ്റിക്കറൊഴിച്ചാൽ ഇവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾക്ക് സ്റ്റാൻഡിൽ നിൽക്കാൻ അനുമതിയില്ലാത്തതുകൊണ്ടുതന്നെ ഇക്കൂട്ടർ നഗരത്തിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഇവർക്കാവും കൂടുതൽ ഓട്ടവും. അരമണിക്കൂറോളം കാത്തുനിന്നാലാണ് സ്റ്റാൻഡിലുള്ളവർക്ക് ഓട്ടം കിട്ടുകയെന്ന് സ്റ്റാൻഡിൽ ഓടുന്ന ഓട്ടോക്കാർ പറയുന്നു. അനധികൃതമായി ടൗണിൽ ഓട്ടം നടത്തുന്നവരാണ് യാത്രാനിരക്ക് സംബന്ധിച്ച് കാര്യമായ തർക്കങ്ങളുണ്ടാക്കുന്നതെന്നും ഓട്ടോറിക്ഷാതൊഴിലാളികൾ ആരോപിക്കുന്നുണ്ട്.
പൊന്നുംവിലക്ക് പെർമിറ്റ്
നിയമവിരുദ്ധമായി സമീപത്തെ പഞ്ചായത്തുകളിൽനിന്നുള്ള ഓട്ടോകൾക്ക് 40,000 മുതൽ 50,000 വരെ നിരക്കിൽ പെർമിറ്റ് മറിച്ചുവിൽക്കാൻ ഇടനിലക്കാരടക്കമുള്ളവർ ഓട്ടോറിക്ഷ തൊഴിലാളികൾക്കിടയിൽ ശക്തമാണെന്നും പരാതിയുണ്ട്. ടൗൺ പെർമിറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നുവെന്ന് ആരോപണം ശക്തമാകുന്നതിനിടെ കൂടുതൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കുന്നതടക്കം വിഷയങ്ങൾ നഗരസഭയുടെ പരിഗണനയിൽ തീർപ്പാകാതെ കിടക്കുകയാണ്. 2018ൽ ടൗൺ പെർമിറ്റില്ലാതെ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ഇതും നിലച്ചു.
നഗരസഭാപരിധിയിൽ പെർമിറ്റില്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് ട്രാഫിക് പൊലീസുമായും വിവിധ യൂനിയനുകളുമായും ചർച്ച നടത്തിയിരുന്നുവെന്ന് നഗരസഭാധികൃതർ ആവർത്തിക്കുമ്പോഴും വിഷയത്തിൽ നടപടികൾ എങ്ങുമെത്തിയില്ലെന്ന് രഹസ്യമായി സമ്മതിക്കുന്നു.
വില്ലൻമാരല്ല എല്ലാവരും
പതിറ്റാണ്ടുകളായി പാലക്കാട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ആളാണ് സെയ്ത്. മീറ്റർ ചാർജ് ഒഴികെ താൻ ആരിൽനിന്നും അധിക ചാർജ് വാങ്ങാറില്ലെന്ന് സെയ്ത് പറയുന്നു. ഓട്ടോ ഓടിക്കുന്നതിനൊപ്പം ലഹരിക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട്.
അപകടത്തിൽ പെട്ടയാളുമായി കിലോമീറ്ററുകൾ ഓടി രക്തവും നൽകി മണിക്കൂറുകൾക്ക് ശേഷം കാലിക്കീശയുമായി വീട്ടിലേക്ക് പോയ ആൾ മുതൽ രോഗികൾക്ക് സൗജന്യയാത്രയൊരുക്കുന്നവരും പാലിയേറ്റിവ് രംഗത്ത് സജീവമായവരുമടക്കം സെയ്ദിന്റെ ഓർമയിൽ നന്മയുള്ള എണ്ണമറ്റ ഓട്ടോക്കാരുടെ മുഖങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

