എഫ്.സി.ഐ ഗോഡൗണിലെ അട്ടിക്കാശ് ലേബർ ഓഫിസറുടെ ഉത്തരവിന് ഹൈകോടതി സ്റ്റേ
text_fieldsപാലക്കാട്: ഒലവക്കോട് എഫ്.സി.ഐ ഗോഡൗണിൽനിന്ന് പാലക്കാട്, മലപ്പുറം ജില്ലകളിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിേലക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ ലോഡ് ചെയ്തു നൽകുന്ന ചുമട്ടുതൊഴിലാളികൾക്ക് അട്ടിക്കാശ് നൽകണമെന്ന ജില്ല ലേബർ ഓഫിസറുടെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.
എഫ്.സി.ഐയിൽ സ്ഥിരമായി കയറ്റിറക്ക് നടത്തുന്ന തൊഴിലാളികൾക്ക് എഫ്.സി.ഐ നൽകുന്ന വേതനത്തിന് പുറമെ ഓരോ ലോഡിനും (10 ടൺ) 750 രൂപ വീതം നൽകാനാവില്ലെന്ന് കരാറുകാർ നിലപാടെടുത്തതോടെ റേഷൻ ഭക്ഷ്യധാന്യ നീക്കം അവതാളത്തിലായിരുന്നു. സ്ഥിരം ചുമട്ടുതൊഴിലാളികൾക്ക് എഫ്.സി.ഐ കൃത്യമായി വേതനം നൽകുന്നുണ്ടെന്നും കരാറുകാർ ഒരു തുകയും നൽകേണ്ടതില്ലെന്നും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിെൻറ ചുമതലയുള്ള ജനറൽ മാനേജർ വ്യക്തമാക്കിയിരുന്നെങ്കിലും തൊഴിലാളികൾ അട്ടിക്കാശ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്ന് ജില്ല ലേബർ ഓഫിസർ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് അട്ടിക്കാശ് കരാറുകാർ നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ എഫ്.സി.ഐയിലെ സ്ഥിരമായിട്ടുള്ള കയറ്റിറക്ക് തൊഴിലാളികൾ,1978ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിെൻറ പരിധിയിൽ വരില്ലെന്നും ആയതിനാൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ജില്ല ലേബർ ഓഫിസർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സപ്ലൈകോയുടെ കരാറുകാർ ഹൈകോടതിയെ സമീപിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് എം. ബാദർ ഉത്തരവ് രണ്ടര മാസത്തേക്കാണ് സ്റ്റേ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

