ഒരുമാസം; മങ്കരയിലെ നാല് ക്ഷേത്രങ്ങളിൽ മോഷണശ്രമം
text_fieldsമോഷണശ്രമം നടന്ന കല്ലൂർ പുന്നകുർശി ക്ഷേത്രത്തിൽ മങ്കര സി.ഐ പരിശോധന നടത്തുന്നു
മങ്കര: ഒരു മാസത്തിനിടെ മങ്കര പഞ്ചായത്തിന്റെ പരിധിയിലുള്ള നാല് ക്ഷേത്രങ്ങളിൽ മോഷണശ്രമം. കല്ലൂർ പുന്നകുർശി ശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, കൊട്ടിങ്ങൽ അയ്യപ്പ ക്ഷേത്രം, വണ്ടവാഴ്ച ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. ഇവയിൽ ചില ക്ഷേത്രങ്ങളിലെ ഭണ്ഡാരം മോഷ്ടാക്കൾകൊണ്ടുപോയി.
തിങ്കളാഴ്ച പുലർച്ചെയാണ് കല്ലൂർ പുന്നകുർശി ശിവക്ഷേത്രത്തിൽ മോഷണശ്രമം നടന്നത്. ക്ഷേത്രം ഭാരവാഹി പ്രദീപ് രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ക്ഷേത്രത്തിനകത്തെ പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികൾ മങ്കര പൊലീസിൽ പരാതി നൽകി.
എന്നാൽ, ഒന്നും നഷ്ടപെട്ടിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണശ്രമം വ്യാപകമായതോടെ പൊലീസ് പട്രോളിങ് ശക്തമാക്കിയതായി സി.ഐ ഹരീഷ് അറിയിച്ചു. മോഷണശ്രമം നടന്ന പുന്നകുർശി ശിവക്ഷേത്രം മങ്കര സി.ഐയും സംഘവും സന്ദർശിച്ചു.

