സ്വർണം തട്ടിയെടുക്കാൻ ശ്രമം; രണ്ട് ബിഹാർ സ്വദേശികൾ അറസ്റ്റിൽ
text_fieldsകുഴൽമന്ദം: തിളക്കം കൂട്ടാൻ എന്ന വ്യാജേന വീട്ടമ്മയുടെ പക്കൽനിന്ന് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ബീഹാർ സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ. ബീഹാർ അരൈറ ഭട്ടിയാരി സ്വദേശികളായ രൂപ് ലാൽ കുമാർ (30), പ്രഭുകുമാർ (28) എന്നിവരെയാണു കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെ കുഴൽമന്ദം പെരുങ്കുന്നം കോതോട്ടിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ പഴയ സ്വർണം തിളക്കം കൂട്ടിത്തരാം എന്നു പറഞ്ഞു രണ്ടു പവൻ ആഭരണം വാങ്ങി രാസലായനിയിൽ ഇട്ടു.
തുടർന്ന് സ്വർണത്തിന്റെ നിറം മാറിയതോടെ കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായ വീട്ടമ്മ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സമാന രീതിയിലുള്ള തട്ടിപ്പിനു രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളും ഇവർതന്നെയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

