അസിസ്റ്റന്റ് പ്രോസിക്യൂട്ടർമാരില്ലാതെ അട്ടപ്പാടി, മണ്ണാർക്കാട് കോടതികൾ
text_fieldsപാലക്കാട്: അട്ടപ്പാടി, മണ്ണാർക്കാട് കോടതികളിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരെ (എ.പി.പി) സ്ഥലംമാറ്റിയതോടെ സാധാരണക്കാരായ ജനങ്ങൾ വീണ്ടും ദുരിതത്തിൽ. വർഷങ്ങളോളം നിരന്തരം സമ്മർദം ചെലുത്തിയാണ് 2024ൽ അട്ടപ്പാടിയിൽ ഒരു മുൻസിഫ് മജിസ്ട്രേറ്റ് കോടതി ആരംഭിച്ചത്. എന്നാൽ, ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് മണ്ണാർക്കാട് കോടതിയിലെ എ.പി.പി അട്ടപ്പാടി കോടതിയിൽ ഹാജരായിരുന്നത്. ആദിവാസികളുടേതടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുള്ള അട്ടപ്പാടി മജിസ്ട്രേറ്റ് കോടതിയിൽ ഒരു എ.പി.പി പോസ്റ്റ് പിന്നീട് സൃഷ്ടിച്ചെങ്കിലും മിക്ക ദിവസങ്ങളിലും അത് ഒഴിഞ്ഞുകിടക്കുകയായിരുന്നു. അടുത്ത കാലത്താണ് അട്ടപ്പാടി മജിസ്ട്രേറ്റ് കോടതിക്ക് മാത്രമായി ഒരു എ.പി.പിയെ നിയമിച്ചത്.
കഴിഞ്ഞയാഴ്ച നിലവിൽ വന്ന പുതിയ ട്രാൻസ്ഫർ ഉത്തരവ് പ്രകാരം അട്ടപ്പാടിയിലെയും മണ്ണാർക്കാട്ടെയും എ.പി.പിമാരെ സ്ഥലം മാറ്റി. പകരം ആരെയും നിയമിച്ചിട്ടുമില്ല. പാലക്കാട് ജില്ലയിലെ മറ്റേതെങ്കിലും കോടതികളിൽ നിന്നുള്ള എ.പി.പിമാർക്കായിരിക്കും മണ്ണാർക്കാട്ടെയും അട്ടപ്പാടിയിലെയും മജിസ്ട്രേറ്റ് കോടതികളിലെ പ്രോസിക്യൂഷന്റെ അധിക ചുമതല നൽകുക. എന്നാൽ, ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടുമില്ല.
നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിച്ചിട്ട് വേണം പാലക്കാട് ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള എ.പി.പിമാർക്ക് മണ്ണാർക്കാടോ അട്ടപ്പാടിയോ എത്താൻ. ഈ സാഹചര്യം കേസുകളുടെ നടത്തിപ്പിനെയും സാധാരണക്കാരുടെ പ്രതീക്ഷകളെയും ഏറെ പ്രതികൂലമായി ബാധിക്കും.
ഒരു ദിവസത്തെ തൊഴിൽ ഉപേക്ഷിച്ചായിരിക്കും ഊരുകളിൽനിന്നടക്കമുള്ളവർ കേസ് നടത്തിപ്പിനായി കോടതിയിലെത്തുക. ആ സമയത്ത് എ.പി.പിയുടെ അഭാവം കേസ് നീട്ടിവെക്കാൻ ഇടയാക്കും. അതിനാൽ സർക്കാർ ഉടൻ തന്നെ അട്ടപ്പാടി, മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതികളിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്ന് കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് സഹായവും വിവരങ്ങളും നൽകുന്നതിനായി പാലക്കാട് സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൊസൈറ്റിയായ ‘വിശ്വാസ്’ സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേംനാഥ് ആവശ്യപ്പെട്ടു. കേരള ഹൈകോടതിക്കും ആഭ്യന്തര വകുപ്പിനും ഇതു സംബന്ധിച്ച് വിശ്വാസ് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

