കച്ചേരിപറമ്പിൽ കാട്ടാനകളുടെ വിളയാട്ടം
text_fieldsകോട്ടയിൽ മുഹമ്മദിന്റെ നശിപ്പിച്ച വാഴകൾ
അലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപറമ്പിൽ കാട്ടാനകളുടെ വിളയാട്ടത്തിൽ വാഴകൃഷി നശിച്ചു. നെല്ലിക്കുന്ന് കരിമ്പിനി പാടശേഖരത്ത് കൃഷിയിറക്കിയ കോട്ടയിൽ മുഹമ്മദിന്റെ 150 ഓളം കുലച്ച വാഴകളാണ് നശിച്ചത്.
വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെ എത്തിയ മൂന്ന് കാട്ടാനകളാണ് കൃഷി നാശം വിതച്ചത്. പാട്ടത്തിനെടുത്ത അര ഏക്കർ സ്ഥലത്ത് 300 വാഴകളാണ് വെച്ചിരുന്നതെന്നും കഴിഞ്ഞദിവസം കുരങ്ങുകളും നിരവധി വാഴക്കുലകൾ നശിപ്പിച്ചതായും മുഹമ്മദ് പറഞ്ഞു.
ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പാട്ടത്തുകയും വളം വാങ്ങിയ പണവും കൊടുക്കാനുണ്ടെന്നും വനംവകുപ്പ് അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു.
അതേസമയം, കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. കർഷകർക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കാൻ വനംവകുപ്പും സർക്കാരും തയ്യാറാകുന്നില്ലെന്ന് കർഷകർ പറയുന്നു. വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോവുകയായിരുന്ന വിദ്യാർഥികൾ ആനകൾ നെല്ലിക്കുന്ന് റോഡ് കടന്നുപോകുന്നത് കണ്ടതായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

