ഏഷ്യൻ ഗെയിംസ്; അഫ്സലിന് സ്വർണം പ്രതീക്ഷിച്ച വീടിനും നാടിനും തീരാനൊമ്പരം
text_fieldsഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ മുഹമ്മദ് അഫ്സലിന്റെ പ്രകടനം വീട്ടിലെ ടി.വി യിൽ കാണുന്ന മുഹമ്മദ് ബഷീറും ഹസീനയും ബന്ധുമിത്രാദികളും
ഒറ്റപ്പാലം: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രാക്കിലിറങ്ങിയ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുഹമ്മദ് അഫ്സലിന്റെ പ്രകടനം കുടുംബത്തിനും നാടിനും തീരാനൊമ്പരമായി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ നേടിയ വെള്ളിമെഡൽ ഇത്തവണ സ്വർണമാക്കി മാറ്റുമെന്ന ശുഭ പ്രതീക്ഷയോടെയാണ് വീട്ടുകാരും നാട്ടുകാരും കാത്തിരുന്നത്. എന്നാൽ, അഫ്സലിന് എട്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
സ്വർണം നേടണമെന്ന അടങ്ങാത്ത ആഗ്രഹത്തോടെ കടുത്ത പരിശീലനം നടത്തിയിരുന്നെങ്കിലും ഫിനിഷിങ് പോയിൻറിൽ അടിപതറുകയായിരുന്നു. അടുത്തിടെ നടന്ന ഇന്ത്യൻ അത്ലറ്റിക് സീരീസിൽ മികച്ച സമയം കുറിച്ച് സ്വർണം നേടിയത് ഏഷ്യൻ ഗെയിംസിലും സ്വർണ പ്രതീക്ഷകൾക്ക് ഇരട്ടി കരുത്തായിരുന്നു.
പാലപ്പുറത്തെ പുളിക്കലകത്ത് വീട്ടിലെ സ്വീകരണ മുറിയിലെ ടി.വി സ്ക്രീനിൽ മാതാപിതാക്കളായ മുഹമ്മദ് ബഷീറും ഹസീനയും ബന്ധുക്കളും ട്രാക്കിൽ കുതിച്ചുപായുന്ന അഫ്സലിനായി പ്രാർഥനയിലായിരുന്നു. എന്നാൽ, അഫ്സലിന്റെ ഓരോ മുന്നേറ്റത്തിലും ആവേശത്തോടെ കൈയടിച്ച് പ്രോത്സാഹിച്ച നാടിനെ കണ്ണീരിലാഴ്ത്തുന്നതായി മത്സര ഫലം.
കാലിന് അനുഭവപ്പെട്ട കഠിനമായ വേദനയും അവിടുത്തെ കാലാവസ്ഥയുമാണ് അഫ്സലിന്റെ സ്വാഭാവിക പ്രകടനത്തിന് തിരിച്ചടിയായതെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്വർണപ്രതീക്ഷകൾക്ക് മങ്ങലേറ്റെങ്കിലും ഇത് താൽക്കാലികമാണെന്ന് വിശ്വസിക്കുന്ന നാട്ടുകാരും കായികപ്രേമികളും വരാനിരിക്കുന്ന കുതിപ്പിനായി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

