ദമ്പതികൾ സഞ്ചരിച്ച ആഢംബര കാർ കവർന്ന സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsമുണ്ടൂർ: ദമ്പതികൾ സഞ്ചരിച്ച ആഢംബര കാറും വജ്രാഭരണങ്ങളും കവർന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. വരന്തരപ്പിള്ളി കോരനടി ചേലൂക്കാരൻ രഘുവിനെ (48) തൃശൂരിൽ വെച്ചാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
2020 ജനുവരി മൂന്നിനാണ് സംഭവം. കോയമ്പത്തൂർ സിങ്കനെല്ലൂർ ശിങ്കനഗർ വിപഞ്ചികയിൽ ഹരി പത്മനാഭനും ഭാര്യ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. പത്മജയും സഞ്ചരിച്ച സ്കോഡ കാർ മുണ്ടൂർ എം.ഇ.എസ് ഐ.ടി.ഐക്ക് സമീപം തടഞ്ഞിട്ട് കാറും ഹരി പത്മനാഭനെയും തട്ടിക്കൊണ്ടുപോയതാണ് കേസ്.
ഒറ്റപ്പാലത്ത് വെച്ച് ഹരി പത്മനാഭനെ തള്ളിയിട്ടിരുന്നു. അറസ്റ്റിലായ രഘു രണ്ട് വർഷം മുമ്പ് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മൈലംപുള്ളിയിൽ നടന്ന കാർ കവർച്ച ശ്രമത്തിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ കെ. മണികണ്ഠൻ, എ.കെ. ത്വാഹിർ, എ.എസ്.ഐ. കെ. നാരായണൻകുട്ടി, സി.പി.ഒമാരായ കെ.സി. പ്രദീപ് കുമാർ, കെ. രതീഷ്, വനിത സി.പി.ഒ എസ്. അനിത എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

