അലനല്ലൂർ സ്വദേശിയുടെ 29 ലക്ഷം തട്ടിയയാൾ അറസ്റ്റിൽ
text_fieldsപാലക്കാട്: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണമുണ്ടാക്കാമെന്ന് അലനല്ലൂർ സ്വദേശിയെ ടെലഗ്രാം വഴി ബന്ധപ്പെട്ട് 29 ലക്ഷം തട്ടിയെടുത്തയാളെ പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ഇരിങ്ങാലക്കുട പൊറത്തുശ്ശേരി ടി.എസ്. ആദിത്യനാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
2024 ഒക്ടോബറിലാണ് തട്ടിപ്പുകാർ അലനല്ലൂർ സ്വദേശിയെ ബന്ധപ്പെട്ടത്. തുടർന്ന് ചെറിയ തുകകൾ നിക്ഷേപിച്ച ലാഭം നൽകി വിശ്വാസം നേടി. പിന്നീട് ഭീമമായ തുക നിക്ഷേപം നടത്തിച്ച് മുഴുവൻ തുകയും തട്ടിയെടുക്കുകയായിരുന്നു. പാലക്കാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവേ നഷ്ടപ്പെട്ട തുകയുടെ ഒരു ഭാഗം പ്രതിയുടെ ഇരിങ്ങാലക്കുടയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും അവിടെനിന്ന് പ്രതി മറ്റു ബാങ്കിലേക്ക് മാറ്റിയതായും കണ്ടെത്തി. തുടർന്ന് അന്വേഷണം നടത്തവേ പ്രതി പാലക്കാട് സെഷൻസ് കോടതിയിലും തുടർന്ന് ഹൈകോടതിയിലും മുൻകൂർ ജാമ്യഹരജി നൽകിയെങ്കിലും കോടതി തള്ളി. പാലക്കാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ ഹൈകോടതി നിർദേശിക്കുകയും ചെയ്തു. 2025 ജൂൺ മുതൽ ഒളിവിലായിരുന്ന പ്രതിയെ പാലക്കാട് സൈബർ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശശികുമാർ, എസ്.ഐമാരായ ബൈജു, സി. എൽദോ, എ.എസ്.ഐ എ.പി. ജോഷി, സി.പി.ഒമാരായ ഇ.കെ. വിനോദ്, ആർ. പത്മാനന്ദ്, പി.കെ. ശരണ്യ, എ. മുഹമ്മദ് ഫാസിൽ എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷണം നടത്തിയത്. ഈ കേസിൽ നേരത്തേ അഞ്ചു പ്രതികളെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇനിയും അറസ്റ്റിന് സാധ്യതയുള്ളതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

