അരിക്കൊമ്പൻ; പ്രതിഷേധം പുകയുന്നു
text_fieldsപറമ്പിക്കുളം: അരിക്കൊമ്പൻ വിഷയത്തിൽ സർക്കാറിന് ഇരട്ടത്താപ്പെന്ന് രമ്യ ഹരിദാസ് എം.പി. പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലേക്ക് സർവകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചിന്നക്കനാലിലും പറമ്പിക്കുളത്തും വസിക്കുന്നവർക്ക് മുഖ്യമന്ത്രി ഒന്നാണ്. ഒരു പ്രദേശത്തെ ആഹ്ലാദത്തിലാക്കി മറ്റൊരു പ്രദേശത്തെ ദുരിതത്തിലാക്കുന്നത് സർക്കാറിന് യോജിച്ചതല്ല. പറമ്പിക്കുളം പ്രദേശത്ത് 3500ലധികം ആളുകൾ ഉണ്ടായിരിക്കെ വനംവകുപ്പിലെ വിദഗ്ധസംഘം ഇവിടെ ആൾപ്പാർപ്പില്ല, ജനവാസം കുറവാണ് എന്ന രീതിയിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകിയത് എന്ത് കണ്ടിട്ടാണെന്ന് സർക്കാർ അന്വേഷിക്കണം. വിഷയത്തിൽ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ അപ്പീൽ പോകണമെന്നും രമ്യ ഹരിദാസ് എം.പി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി. കൽപന ദേവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. താജുദ്ദീൻ, സർവകക്ഷി സമരസമിതി കൺവീനർ ആർ. ചന്ദ്രൻ ആനമാറി, കെ.പി.സി.സി അംഗം സജേഷ് ചന്ദ്രൻ, എം. മോഹനൻ (കോൺഗ്രസ്), വിമൽകുമാർ (ബി.ജെ.പി), ഉമ്മർ ഫാറൂക് (ജനതാദൾ), മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ശെൽവൻ, പൊതുപ്രവർത്തകൻ എം.കെ. തങ്കവേൽ, ഉണ്ണികൃഷ്ണൻ കുരിയാർകുറ്റി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

