തടയണ സാമൂഹിക വിരുദ്ധർ തകർത്തു; വെള്ളം പാഴായി
text_fieldsസാമൂഹ്യവിരുദ്ധർ തടയണ തകർത്തതോടെ നമ്പൂതിരി കെട്ട് തടയണയിലെ വെള്ളം പാഴാകുന്നു
ലക്കിടി: ലക്കിടിപേരൂർ പഞ്ചായത്തിൽ നെല്ലിക്കുറുശ്ശിയിലെ നമ്പൂരിക്കെട്ട് തടയണ സാമൂഹിക വിരുദ്ധർ തകർത്തതോടെ വെള്ളം പാഴായി. രാത്രികാലങ്ങളിൽ മീൻ പിടിക്കാൻ എത്തുന്ന സാമൂഹിക വിരുദ്ധരാണ് ബണ്ട് തകർത്ത് വെള്ളം തുറന്നു വിട്ടതെന്നു പ്രദേശവാസികൾ ആരോപിച്ചു. നാട്ടുകാരുടെ ശ്രമദാനത്തിലാണ് തടയണയിൽ താൽക്കാലികമായി ബണ്ട് കെട്ടിയത്.
ഇതേ തുടർന്ന് മുളഞ്ഞൂർ തോട് നിറഞ്ഞുകവിഞ്ഞ അവസ്ഥയിലായിരുന്നു. നെല്ലിക്കുറുശ്ശിയിലെ വാർഡ് ഒന്ന്, രണ്ട്, 21 തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ് നിലകൊള്ളുന്നത് ഈ തടയണയിലെ വെള്ളത്തെ ആശ്രയിച്ചാണ്. കുണ്ടിൽപ്പാടം പാടശേഖരത്തിലെ 1000 ഹെക്ടറിലധികം വരുന്ന നെൽകൃഷിയും പച്ചക്കറി, വാഴത്തോട്ടങ്ങളും ഈ തടയണയിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്.
സംഭവമറിഞ്ഞ് ലക്കിടിപേരൂർ പഞ്ചായത്തംഗം സി.പി. ഷംസുദ്ദീൻ തടയണ സന്ദർശിച്ചു. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലും ലക്കിടി പേരൂർപഞ്ചായത്തിലും
മൈനർ ഇറിഗേഷൻ ഓഫിസിലും പരാതി നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഈ തടയണ പൊളിച്ച സാമൂഹിക ദ്രോഹികൾക്കെതെരെ നിയമനടപടി സ്വീകരിക്കണമെന്ന് വാർഡംഗവും നാട്ടുകാരും ആവശ്യപ്പെട്ടു.
എത്രയും വേഗം ഒരു സ്ഥിരം തടയണ നിർമിച്ചു നൽകാൻ അധികൃതർ തയ്യാറാവണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ലക്കിടിപേരൂർ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ഒരു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

