പരിശോധനയും സൗകര്യങ്ങളുമില്ല; മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകൾ നോക്കുകുത്തി
text_fieldsപാലക്കാട്: സംസ്ഥാനത്തെ അതിർത്തി ചെക്പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റുകൾ നോക്കുകുത്തിയാകുന്നു. ചരക്കുവാഹനങ്ങൾ ചെക്പോസ്റ്റുകളിൽ നിർത്തി പരിശോധിക്കാൻ പാടില്ലെന്ന് ജി.എസ്.ടി നിയമമുള്ളതിനാൽ കന്നുകാലികൾ, മുട്ട, കോഴി, പാൽ എന്നിവയുമായി വരുന്ന വാഹനങ്ങളെല്ലാം തടസ്സങ്ങളില്ലാതെ അതിർത്തി കടന്നെത്തുന്നു. ഇത്തരം ചരക്കുവാഹനങ്ങളുടെ കൃത്യമായ കണക്കില്ല. ഇതുമൂലം സംസ്ഥാനത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതിയാണ് നഷ്ടമാകുന്നത്. യൂനിഫോം ജോലി അല്ലാത്തതിനാൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കൈ കാണിച്ചാലും ചില ചരക്കുവാഹനങ്ങൾ നിർത്താറില്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ ചെക്പോസ്റ്റായ വാളയാറിൽ ദേശീയപാതയിൽനിന്ന് മാറി സർവിസ് റോഡിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റുള്ളത്. ദേശീയപാത വഴി വരുന്ന വാഹനങ്ങൾ സർവിസ് റോഡിലേക്ക് കയറാറില്ല.
വളരെ കുറച്ച് കന്നുകാലി വണ്ടികൾ മാത്രമാണ് പരിശോധനക്ക് നിർത്താറുള്ളത്. ജി.എസ്.ടിക്ക് മുമ്പ് ആർ.ടി.ഒ ചെക്പോസ്റ്റിനോട് ചേർന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റും പ്രവർത്തിച്ചിരുന്നത്. നിർത്താതെ പോകുന്ന വാഹനങ്ങൾ പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് നികുതിയിനത്തിൽ നല്ലൊരു തുക നഷ്ടമാകും.
ഒരു കോഴിക്ക് ഒരു രൂപ അഞ്ച് പൈസ നികുതി
നിലവിൽ കേരളത്തിലേക്ക് കടക്കണമെങ്കിൽ ഒരു കോഴിക്ക് ഒരു രൂപ അഞ്ച് പൈസയും കന്നുകാലിക്ക് 80 രൂപയും മുട്ടക്ക് രണ്ട് പൈസയും നികുതി കെട്ടണം. എന്നാൽ വാഹനങ്ങളൊന്നും നിർത്താത്തതിനാൽ നികുതിപ്പണം ലഭിക്കാറില്ല. ഒരു ദിവസം എത്ര ലിറ്റർ പാൽ, മുട്ട, കോഴി എന്നിവ അതിർത്തി കടന്നുവരുന്നു എന്നതിനൊന്നും ഒരുവിധ കണക്കുമില്ല. പ്രതിദിനം നാൽപതോളം കന്നുകാലി, കോഴി വാഹനങ്ങളാണ് അതിർത്തി കടന്നെത്തുന്നത്.
ഇവയിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് പരിശോധനക്ക് തയാറാകുന്നത്. കന്നുകാലികളെ കണ്ടെയ്നറുകളിൽ എത്തിക്കുന്നതിനാൽ അതിന്റെ കണക്കും കൃത്യമായി രേഖപ്പെടുത്താനാവില്ല. ജില്ലയിലെ ഉൾപ്പെടെ വിവിധ കന്നുകാലിച്ചന്തകളിലേക്കാണ് ഇവയെ കൊണ്ടുപോകുന്നത്. ദേശീയപാത അതോറിറ്റിയുടെ നിയമപ്രകാരം റോഡിൽ ബാരിക്കേഡ് വെച്ച് പരിശോധന നടത്താൻ പാടില്ല. 2024 ഓക്ടോബറിൽ ബാരിക്കേഡ് സ്ഥാപിച്ച് നടത്തിയ പരിശോധനയിൽ ഒമ്പത് ലക്ഷം രൂപ നികുതിപ്പണം ലഭിച്ചിരുന്നു. ആന്ധ്രപ്രദേശ്, ബിഹാർ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ കന്നുകാലികളെത്തുന്നത്. ചന്ത ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങളെത്തും.
ഐസൊലേഷൻ സൗകര്യമില്ല
ഇത്തരത്തിൽ അന്തർസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന കന്നുകാലികൾക്ക് കുളമ്പുരോഗം ഉൾപ്പെടെയുള്ള രോഗങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റിലാണ്. ഇതിനായി ഒരു വെറ്ററിനറി ഡോക്ടറുടെ സേവനവും ഇവിടെയുണ്ട്. എന്നാൽ വാഹനങ്ങൾ നിർത്താതെ പോകുന്നതിനാൽ ഇത്തരം പരിശോധനകളൊന്നും നടക്കാറില്ല. വകുപ്പിന് സ്വന്തമായി ക്വാറന്റീൻ ആൻഡ് ഐസൊലേഷൻ സൗകര്യം ഇവിടെയില്ല. കന്നുകാലികളെ കൊണ്ടുവരുമ്പോൾ ആർ.ടി.ഒ പെർമിറ്റ് നിർബന്ധമാണ്. കടത്തിക്കൊണ്ടുവരുന്ന കാലികൾക്ക് ഒരുവിധ അസുഖവുമില്ല എന്ന് വെറ്ററിനറി സർജൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം.
ഇത് അതിർത്തികളിൽ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് കടത്തിവിടുക. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ വാഹനങ്ങൾ തിരിച്ചയക്കും. എന്നാൽ പല വാഹനങ്ങളും കള്ള സർട്ടിഫിക്കറ്റുകളുമായാണ് വരുന്നതെന്നും ഇതിന്റെ പരിശോധന ബന്ധപ്പെട്ട മറ്റു വകുപ്പുകൾ നടത്തുന്നില്ലെന്നും ആരോപണമുണ്ട്. മൃഗങ്ങളെ കൊണ്ടുപോകുന്ന വാഹനങ്ങൾ മണിക്കൂറിൽ 40 കി.മീ. വേഗതയിലേ പോകാവൂ എന്ന് കേന്ദ്ര നിയമം ഉണ്ടെങ്കിലും ദേശീയപാതയിൽ ഇത് പാലിക്കപ്പെടാറില്ല. എൻ.എച്ച്.എ.ഐയും പൊലീസും ഇത് പരിശോധിക്കാറില്ല. സംസ്ഥാനത്തേക്ക് പന്നികളെ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും രാത്രികളിൽ അത്തരം വാഹനങ്ങളും അതിർത്തി കടക്കുന്നുണ്ടെന്നാണ് വിവരം.
ജീവനക്കാർക്ക് സൗകര്യങ്ങളില്ല
ഒരു വെറ്ററിനറി ഡോക്ടറുൾപ്പെടെ ഏഴ് ജീവനക്കാരാണ് വാളയാറിൽ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിലുള്ളത്. ജി.എസ്.ടിയുടെ പഴയ കെട്ടിടത്തിലാണ് താൽക്കാലികമായി ഓഫിസ് പ്രവർത്തിക്കുന്നത്.
ശുചിമുറി സൗകര്യം പോലും ഇല്ലാത്തത് വനിത ജീവനക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്. മഴയും വെയിലും സഹിച്ചാണ് ജോലി. കണ്ടെയ്നർ ഓഫിസ് സ്ഥാപിക്കാനായി 17 ലക്ഷം രൂപയുടെ നിർദേശം വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

